കെ ശേഖർ
തിരുവനന്തപുരം സ്വദേശിയായ ശേഖർ കേരള സർവകാശാലയിലെ ജേർണലിസം ഡിപ്പാർട്ടുമെൻ്റിലെ പ്രഥമ ബാച്ചിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയശേഷമാണ് കലാസംവിധാന രംഗത്തേക്ക് എത്തുന്നത്. 1982 -ൽ ജിജോ പുന്നൂസ് സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ 70mm ചിത്രമായ പടയോട്ടം -ത്തിന്റെ കോസ്റ്റ്യും ഡിസൈനറായിട്ടാണ് മലയാള സിനിമയിൽ അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.
അതേ പ്രൊഡക്ഷൻ ടീമിൻ്റെ തന്നെ സംരംഭമായ, ഇന്ത്യയിലെ ആദ്യത്തെ ത്രിഡി ചിത്രം മൈഡിയർ കുട്ടിച്ചാത്തൻ -നിലൂടെ ശേഖർ കലാസംവിധായകനായി. സിനിമയിലെ "ആലിപ്പഴം പെറുക്കാം...' എന്ന ഗാനത്തിൽ കുട്ടികൾ ഭിത്തിയിലൂടേയും മേൽക്കൂരയിലൂടേയും നടക്കുന്നത് ചിത്രീകരിക്കാനായി അദ്ദേഹം നിർമ്മിച്ച കറങ്ങുന്ന മുറി ഇന്നും ലോക സിനിമകളിലെ തന്നെ മികച്ച കലാസൃഷ്ടിയായി കണക്കാക്കുന്നു. സങ്കീർണ്ണമായ എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാവിറ്റി തന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ ജിജോ പുന്നൂസിനോടൊപ്പം ശേഖർ നടത്തിയ പരീക്ഷണങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് പുതിയൊരു കാഴ്ചാനുഭവം സമ്മാനിച്ചു. അതിനുശേഷം ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ഉൾപ്പെടെ പത്തിലധികം മലയാള സിനിമകളുടെ കലാസംവിധാനം അദ്ദേഹം നിർവ്വഹിച്ചു. 1986 -ൽ രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിലെ കലാസംവിധാനത്തിന് മികച്ച കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശേഖറിന് ലഭിച്ചു. നോക്കത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലെ പത്മിനിയുടേയും നദിയാമൊയ്തുവിന്റേയും തറവാട് വീട് ഒരുക്കിയത് അദ്ദേഹമായിരുന്നു. കമലഹാസൻ നായകനായ ചാണക്യൻ എന്ന സിനിമയ്ക്ക് ശേഖർ ഒരുക്കിയ സെറ്റുകൾ സിനിമാ മേഖലയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.
മലയാളത്തിന് പുറമേ Poovizhi Vasalile -ഉൾപ്പെടെ തമിഴിലെ പല സിനിമകൾക്കും കെ.ശേഖർ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. ദൂരദർശൻ നാഷണൽ നെറ്റ് വർക്കിൽ ഞായറാഴ്ചകളിൽ സംപ്രേഷണം ചെയ്തിരുന്ന 'ബൈബിൾ കീ കഹാനിയാം' എന്ന ഹിന്ദി സീരിയലിൻ്റെ കലാ സംവിധായകനും ശേഖർ ആയിരുന്നു. നവോദയ ഗ്രൂപ്പ് ചെന്നൈയിൽ നിർമ്മിച്ച 'കിഷ്‌കിന്ധ' അമ്യൂസ്‌മെന്റ് പാർക്കിന്റെ രൂപകൽപ്പനയിലും അദ്ദേഹം പങ്കാളിയായിരുന്നു. ശക്തമായ സൗന്ദര്യ അവബോധവും തന്റെ കഴിവുകളെക്കുറിച്ച് ആഴത്തിലുള്ള സാങ്കേതിക ധാരണയുമുള്ള ഒരു ശാന്തനായ പ്രൊഫഷണലായിട്ടാണ് ശേഖറിന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ ഓർക്കുന്നത്. കലാസംവിധാനം കേവലം ഒരു ദൃശ്യ പശ്ചാത്തലമായി വർത്തിക്കുന്നതിനു പകരം ഒരു സജീവ കഥാഖ്യാനത്തിൽ സജീവ ആഖ്യാന ഉപാധിമായി വർത്തിക്കുമെന്ന് അദ്ദേഹത്തിന്റെ പ്രൊഫഷണൽ വർക്കുകൾ തെളിയിച്ചു. 2025 ഡിസംബറിൽ 72 -ആം വയസ്സിൽ കെ.ശേഖർ അന്തരിച്ചു.
കൊമേഴ്‌സ് അധ്യാപികയായിരുന്ന ജയന്തിയാണ് കെ.ശേഖറിന്റെ ഭാര്യ.


