ജമീല മാലിക്

Jameela Malik
Date of Birth: 
Thursday, 23 May, 1946
Date of Death: 
ചൊവ്വ, 28 January, 2020

ജമീലാ മാലിക്. കൊല്ലത്തെ കോൺഗ്രസ് നേതാവായിരുന്ന മാലിക് മുഹമ്മദിന്റെയും കോന്നിയിലെ ക്രിസ്ത്യൻ കുടുംബാംഗമായിരുന്ന തങ്കമ്മയുടെയും മൂത്ത മകളായി കൊല്ലം ജോനകപ്പുറത്ത് ജനനം. ജമീലക്ക് ആറു വയസ് പ്രായമുണ്ടായിരുന്നപ്പോൾ ബാപ്പ മാലിക് മരണപ്പെട്ടു. അതെത്തുടർന്ന് അമ്മ തങ്കമ്മ ‌കൊല്ലത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച് വിജയിച്ച് കൊല്ലം മുൻസിപ്പൽ ഇലക്ഷനിൽ ജയിച്ച ആദ്യ വനിത എന്ന പേരു നേടി. സ്കൂൾ നാടകസംഘത്തിൽ അംഗമായി 'ഒറ്റമുറിതേങ്ങ' എന്ന നാടകത്തിൽ കാഴ്‌ചവച്ച അഭിനയം ജമീല മാലികിനെ സ്കൂളിലെ താരമാക്കി. സാമ്പത്തിക പ്രതിസന്ധികൾ രൂക്ഷമായപ്പോൾ തിരുവനന്തപുരത്തേക്ക് താമസം മാറ്റാൻ തങ്കമ്മയും കുടുംബവും നിർബന്ധിതരായി.ഹിന്ദി പ്രചാര സഭയിൽ അധ്യാപികയായി തിരുവനന്തപുരത്ത് വാടക വീടുകളിലായി താമസം. അക്കാലത്താണ് നടൻ മധുവിന്റെ കൂടെ 'തൃഷ്ണ' എന്ന നാടകത്തിൽ അഭിനയിക്കാനുള്ള അവസരം ജമീലയ്ക്ക് കിട്ടുന്നത്.'ചെമ്മീനി'ലെ പരീക്കുട്ടിക്കൊപ്പം ബുദ്ധി വളരാത്ത പതിനാലുകാരിയായി തകർത്തഭിനയിച്ചത് വലിയ അഭിനന്ദനങ്ങൾ ജമീലക്ക് ലഭിക്കാനിടയായി.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാളി വനിതയാണ് ജമീല മാലിക്. അക്കാലത്ത് പൂനെയിൽ കെ.ജി ജോർജ്, രാമചന്ദ്രബാബു, കെ.ആർ മോഹൻ, ഷാജി എൻ കരുൺ തുടങ്ങിയവർ സീനിയേഴ്സ് ആയിരുന്നു. കെ.ജി ജോർജിന്റെ 'ഫെയ്സസ്' എന്ന ഡിപ്ലോമ സിനിമയിൽ ജമീലയാണ് നായികയായത്.സുധീന്ദ്ര ചൗധരിയുടെ 'വിലാപ്' എന്ന ഡിപ്ലോമ സിനിമ, വിശ്രാം ബോഡോക്കറിന്റെ 'ജയ് ജവാൻ ജയ് മകാൻ ' എന്നീ സിനിമകളിൽ രവി മേനോന്റെ കൂടെ ജമീല നായികയായി.കൂടെ അഭിനയച്ചൊരാൾ ജയാ ബാദുരിയായിരുന്നു. മലയാളത്തിലെ ആദ്യത്തെ പട്ടാള സിനിമ 'നിണമണിഞ്ഞ കാല്പാടുകളുടെ സംവിധായകൻ എൻ.എൻ പിഷാരടിയുടെ റാഗിങ്ങ് എന്ന സിനിമയിലൂടെയാണ് ജമീല മാലിക് മലയാളത്തിൽ അരങ്ങേറിയത്. ആദ്യം പുറത്തുവന്നത് കെ.എസ് സേതുമാധവന്റെ  ആദ്യത്തെ കഥ എന്ന ചിത്രമാണ്. തുടർന്ന് ഇരുപതിലധികം മലയാള സിനിമകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ജയ് ജവാൻ ജയ് മഖാൻ, വിലാപ് എന്നീ ഹിന്ദി ചിത്രങ്ങളിലും ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും ജമീല മാലിക് മികച്ച വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമകളിൽ മാത്രമല്ല നിരവധി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. റേഡിയോ നാടക രചയിതാവുമായിരുന്നു, ആകാശവാണിയ്ക്ക് വേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ ജമീല മാലിക് എഴുതിയിരുന്നു. മകനോടൊപ്പം തിരുവനന്തപുരത്തായിരുന്നു അവസാന കാലത്ത് ജമീല മാലിക് താമസിച്ചിരുന്നത്. സിനിമ അകന്നു പോയപ്പോൾ ഹിന്ദി അധ്യാപികയായും ഹോസ്റ്റൽ മേട്രനായും ഒക്കെ സ്വന്തം കാലിൽ നില്ക്കാൻ ശ്രമിച്ചു. 2020 ജനുവരി 28-ന് ജമീല മാലിക് അന്തരിച്ചു.