3 വിക്കറ്റിന് 365 റണ്‍സ്
ഒരാളെ പോലെ ഏഴ് പേരുണ്ടെന്നുള്ള സത്യം നിലനില്‍ക്കെ അതുപോലെ രൂപസാദൃശ്യമുള്ള അഞ്ച്‌പേര്‍. ഒരു അമ്മ പെറ്റ അഞ്ച് സഹോദരങ്ങള്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ വേര്‍പിരിഞ്ഞ് വ്യത്യസ്ത മതത്തിലും സംസ്‌കാരത്തിലും വളര്‍ന്ന ഇവര്‍, നഗരത്തിലെ വിവിധ രംഗങ്ങളില്‍ അറിയപ്പെടുന്നവരാണ്. മൂത്ത ആള്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ്. നീതിയും നിയമവും വിട്ടുള്ള ഒരു കാര്യത്തിനും നില്‍ക്കാത്ത സത്യസന്ധനും ആദര്‍ശധീരനും ധൈര്യശാലിയും ബുദ്ധിമാനും ആസ്ത്മ രോഗിയുമായ മാന്‍സിംഗ്. രണ്ടാമത്തെ ആള്‍ പാസ്റ്ററാണ്. നഗരത്തിന്റെ തിരക്കേറിയ ഏത് കോണിലും ഇ പാസ്റ്റര്‍ തങ്കച്ചനെ കാണാം. സുവിശേഷ പ്രസംഗകലയില്‍ ആരെയും ആകര്‍ഷിക്കാന്‍ കഴിവുള്ള പാസ്റ്റര്‍. ചില തരികിടകള്‍ കൈയ്യിലുള്ള മൂന്നാമത്തെ ആള്‍ പോക്കറ്റടിക്കാരൻ ഭൈരവന്‍. തിരക്കുള്ള ബസിലും ബസ്സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും ഭൈരവനെ കാണാം. ചട്ടുകാലനാണ്, മുച്ചീട്ടുകളി, പന്നിമലത്ത് തുടങ്ങിയ കലാപരിപാടികളാണ് വിനോദം. നാലാമത്തെ ആള്‍ കോടികളുടെ ബിസിനസ് സാമ്രാജ്യം വാഴുന്ന റിയല്‍ എസ്റ്റേറ്റ് ബിസ്‌നസ്സ്മാന്‍. നടപ്പിലും ഇരുപ്പിലും വസ്ത്രരീതിയിലും വ്യത്യസ്തത ഫീല്‍ ചെയ്യുന്നു. പേര് മാര്‍ത്താണ്ഡന്‍. കീരി മാര്‍ത്താണ്ഡന്‍ എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. പുളുവടിയില്‍ കേമനാണ്. അഞ്ചാമത്തെ ആള്‍ ഒരു ബാലെ നര്‍ത്തകനാണ്. പത്മദളാക്ഷന്‍ സ്ത്രൈണഭാവം കൈവിടാത്ത നടത്തം. രസികന്‍. ഇത്തരത്തിൽ ഉള്ള അഞ്ചുപേർ ഒരു നഗരത്തില്‍ ജീവിച്ചാല്‍ എന്താണ് സംഭവിക്കുക. ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ ചിത്രം.