മാതൃവന്ദനം
തമിഴ് ബ്രാഹ്മണ കുടുംബത്തിലെ അംഗമായ സരസ്വതിയമ്മാൾ സംഗീതത്തിൽ പ്രാവീണ്യമുള്ള സ്ത്രീയായിരുന്നു. മകൻ രാജു സ്റ്റെനോഗ്രാഫർ ജോലിയായി ബോംബെയിൽ താമസിക്കുന്ന സമയത്ത് സരസ്വതിയമ്മാളും രാജുവിനൊപ്പം ബോംബെയിലേക്ക് പോയി. തികച്ചും അപ്രതീക്ഷിതമായി ഒരു നാൾ രാജുവിനു അപ്സ്മാര ബാധയുണ്ടാവുന്നു. അസുഖമുണ്ടായാൽ ചെവിയിൽ വിരലുകൾ തിരുകി രാജുഎവിടേക്കെന്നില്ലാതെ ഓടും.
ഇതിനെത്തുടർന്ന് ബോംബെയിലെ ഫ്ലാറ്റിൽ നിന്നും മരുമകൾ രാജുവിനെ ഇറക്കിവിട്ടു. അസുഖബാധിതനായ രാജുവിനോടൊപ്പം അമ്മ സരസ്വതിയമ്മാളും തെരുവിലേക്കിറങ്ങി. കുറച്ചു കാലം ബോംബെയിൽ അലഞ്ഞുതിരിഞ്ഞ അമ്മയും മകനും പിന്നീട് തൃശൂർ നഗരത്തിലെത്തുകയാണ്. ആദ്യകാലത്ത് രാജു സൗമ്യനായിരുന്നുവെങ്കിലും പിന്നീട് അസുഖം വരുമ്പോൾ ചെവികളിൽ കൈവിരലുകൾ തിരുകി വല്ലാത്തൊരു മാനസിക വിഭ്രാന്തിയിലേക്ക് മാറുകയായിരുന്നു.
കാലങ്ങൾ കുറേ കഴിഞ്ഞു. സരസ്വതിയമ്മാളിനു എഴുപതു വയസ്സോളം പ്രായം. രാജുവിനു അമ്പതും. മാനസിക വിഭ്രാന്തിയുള്ള മകനേയും പിറകെ ഓടുന്ന വൃദ്ധയായ അമ്മയെയും തൃശ്ശൂർ നഗരവാസികൾക്ക് പരിചിതരായി. സരസ്വതിയമ്മാളിനു മകന്റെ കൂടെയോടാനുള്ള ആരോഗ്യമില്ലാതായപ്പോൾ മകന്റെ അരയിൽ കയർ കെട്ടി കയറിന്റെ മറ്റേ അറ്റം സരസ്വതിയമ്മാൾ സ്വന്തം അരയിലും കെട്ടിയാണു രാജുവിനെ പിന്നെ നിയന്ത്രിച്ചിരുന്നത്. നഗരവാസികളുടെ സംശയം ആദ്യം മരിക്കുന്നത് ആരെന്നായിരുന്നു. സരസ്വതിയമ്മാൾ മരിച്ചാൽ രാജുവിനു പിന്നെ ആരുണ്ടാവും? രാജുവാണ് മരിക്കുന്നതെങ്കിൽ വൃദ്ധയായ സരസ്വതിയമ്മാളിനെ ആരു സംരംക്ഷിക്കും?