ദേവകി രാജേന്ദ്രൻ

Devaki Rajendran

1992 മെയ് 7 ന് തിരുവനന്തപുരത്ത് ജനിച്ചു. രാജേന്ദ്രൻ, ജയ എന്നിവരാണ് മാതാപിതാക്കൾ. നാലു വയസ്സുള്ളപ്പോൾ മുതൽ നാടോടി നൃത്തവും, സ്കൂൾ പഠനകാലത്ത് ഭരതനാട്യവും അഭ്യസിച്ചു തുടങ്ങിയ ദേവകി പിന്നീട് പിതാവിന്റെ ജോലിയുടെ ഭാഗമായി മുംബെയിലേക്ക് താമസംമാറിയപ്പോഴും നൃത്തപരിശീലനം തുടർന്നുപോന്നു. അക്കാലത്ത് മുബൈ, താക്കൂർ വിദ്യാമന്ദിറിലായിരുന്നു വിദ്യാഭ്യാസം. 

പിന്നിട് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തി ഹയർ സെക്കൻ്ററി പഠനകാലത്ത് വഴുതക്കാട് റിഗാറ്റ നാട്യ സംഗീത കേന്ദ്രത്തിലും, പിൽക്കാലത്ത് പാൽക്കുളങ്ങര മിഥിലാലയയിലും നൃത്തപഠനം തുടർന്നു. സംഗീതം ഐശ്ചിക വിഷയമായെടുത്ത് തിരുവനന്തപുരം മഹാരാജാസ് വിമൻസ് കോളേജിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഒരു ഗായിക കൂടിയായ ദേവകി എം.എ.മ്യൂസികിൽ ഒന്നാം റാങ്ക് ജേതാവാണ്. 

ബി.എ.അവസാന വർഷ വിദ്യാർത്ഥിനിയായിരിക്കുമ്പോഴാണ് രാജീവ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമസ്യാപൂരണം എന്ന നാടകത്തിലൂടെ തിയേറ്റർ മേഖലയിലേക്കെത്തുന്നത്. പിന്നീട് തിരുവനന്തപുരം കനൽ സാംസ്കാരിക വേദിക്കായി അശ്വതി വിജയൻ സംവിധാനം ചെയ്ത 'കിമർഥം ദ്രൗപതി' എന്ന സംസ്കൃതനാടകവും 'കനലി'ന്റെ തന്നെ 'സ്വർണ്ണസിംഹാസന'വുമടക്കം ഏതാനും നാടകങ്ങളിൽ അഭിനയിച്ചു. ഇതിനു പുറമേ ടൂറിസവുമായി ബന്ധപ്പെട്ടും അല്ലാതെയുള്ള മ്യൂസിക് വീഡിയോകളിൽ അഭിനയിക്കുകയും നൃത്തസംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. 
    
പ്ലസ്ടു വിദ്യാർത്ഥിനിയായിരിക്കേ, 2009 ൽ വിജി തമ്പിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ കെമിസ്ട്രി എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് ദേവകി സിനിമയിലെത്തുന്നത്. പിന്നീട് 2018ൽ രാഹുൽ റിജി നായർ സംവിധാനം ചെയ്ത ഒറ്റമുറി വെളിച്ചം, ഗൗതം സൂര്യ, സുദീപ് ഇളമൺ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത Sleeplessly Yours എന്നീ ചിത്രങ്ങളിലഭിനയിച്ചു.  മാനു എന്ന പ്രധാന കഥാപാത്രമായി ദേവിക വേഷമിട്ട Sleeplessly Yours, 2018ലെ 23മത് IFFK യിൽ പ്രദർശിപ്പിക്കപ്പെടുകയുണ്ടായി. തുടർന്ന്, മഹേഷ് നാരായണന്റെ മാലിക് എന്ന ചിത്രമടക്കം ഏതാനും സിനിമകളിലും അഭിനയിച്ചു. സിനിമകൾക്കു പുറമേ ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലൂടെയും ദേവകി രാജേന്ദ്രൻ എന്ന അഭിനേത്രി മലയാളികൾക്ക് പരിചിതയാണ്.  

2023ൽ കൃഷാന്ദ് സംവിധാനം ചെയ്ത് പുറത്തിറക്കിയ പുരുഷപ്രേതമെന്ന സിനിമയിൽ ദേവകി കൈകാര്യം ചെയ്ത സുജാതയെന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നായകനായ പ്രശാന്ത് അലക്സാണ്ടർ അവതരിപ്പിച്ച സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തിന്റെ നായികയായി വന്ന ദേവകി വളരെ വിശദമായി m3dbയോട് സംസാരിച്ചതിവിടെ