ചന്തുനാഥ്

Chandhunadh

കൊല്ലം സ്വദേശി. വളർന്നത് തിരുവനന്തപുരത്ത്. ചെറുപ്പം മുതൽ കലാരംഗത്ത് സജീവമായിരുന്നു. നാടകങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചപ്പോൾ, യുവജനോത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസിൽ ഡിഗ്രി പഠനം പൂർത്തിയാക്കി, ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പി ജിയും ചെയ്തു. സിനിമയോട് അഭിനിവേശമുണ്ടായി എങ്കിലും ആദ്യം പഠനം പൂർത്തിയാക്കുകയാണ് ചെയ്തത്.  പഠന ശേഷം തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപകനായി ജോലി നോക്കി. പിന്നീട് ബാംഗ്ലൂരിൽ ജോലി ചെയ്തു. അതിനൊപ്പം തിയേറ്റർ ഡയറക്ഷൻ, അഭിനയം തുടങ്ങിയ കാര്യങ്ങളും സമാന്തരമായി ചെയ്തു പോന്നു.

സിനിമാമോഹം ചന്തുവിനെ തിരുവനന്തപുരത്തേക്ക് തിരികെ എത്തിച്ചു. തിരുവനന്തപുരം ഇന്റർനാഷണലിൽ അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് അഭിറാം സുരേഷ് ഉണ്ണിത്താന്റെ ഹിമാലയത്തിലെ കശ്മലന്‍ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.  ഒരു സുഹൃത്തിന്റെ നിർബന്ധത്തെ തുടർന്നാണ് പതിനെട്ടാം പടിയിലെ ഒഡീഷനായി ചന്തു ഫോട്ടോ അയക്കുന്നത്. ഒഡീഷന് ശേഷം ഒരു സംവിധായക സഹായിയായും പുതുമുഖങ്ങൾക്ക് ഗ്രൂമറായും ശങ്കർ രാമകൃഷ്ണൻ ചന്തുവിനെ കൂടെക്കൂട്ടുകയായിരുന്നു. പതിയെ ജോയ് എബ്രഹാം എന്ന കഥാപാത്രം ചന്തുവിലേക്കെത്തി. ഇതിലൂടെ പുരസ്‌കാരങ്ങൾ നേടിയ ചന്തുവിന് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. മാലിക്ക്, 21 ഗ്രാംസ്, ഡിവോഴ്സ് തുടങ്ങിയ സിനിമകളിൽ പ്രധാനവേഷങ്ങളിൽ എത്തിയ ചന്തു അത് കഴിഞ്ഞ് ത്രയം, ട്വൽത്ത് മാൻ, റാം, സിബിഐ 5, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളിലൊക്കെ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

ഭാര്യ സ്വാതി, ഐഡിയ സ്റ്റാർ സിങ്ങറിലെ മത്സരാർത്തിയായും, മഴവിൽ മനോരമയിലെ അവതാരകയായുമൊക്കെ മലയാളികൾക്ക്മ സുപരിചിതമായ മുഖമാണ്. മകൻ: നീലാംശ്