ആഷാ ജയറാം
ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്രലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചു. തനിയാവർത്തനം, ഇസബെല്ല തുടങ്ങി വിരലിലെണ്ണാവുന്ന ചിത്രങ്ങളിലെ അഭിനയിച്ചുള്ളു എങ്കിൽക്കൂടി ആഷ ജയറാം പ്രേക്ഷരുടെ നെഞ്ചിൽ ഒരിടം നേടിയിരുന്നു. ആഷ സുബ്രഹ്മണ്യൻ എന്ന ആഷാ ജയറാം ഇപ്പോൾ യു.എസിൽ ഡെട്രോയിറ്റിൽ ജി.എം.ൽ ഡിജിറ്റൽ മാർക്കെറ്റിംഗ് മാനേജറാണ്. സൗത്ത് ഈസ്റ്റ് മിഷിഗണിലെ കലാസാംസ്കാരിക രംഗങ്ങളിൽ അറിയപ്പെടുന്ന മുഖമാണ് ആഷയുടേത്. നന്നേ ചെറുപ്പം മുതലേ നൃത്തത്തിൽ അഗ്രഗണ്യരായ കലാമണ്ഡലം തങ്കമണിക്കുട്ടി, ഭാരതി ശിവാജി, ശ്രീദേവി രാജൻ, കലാമണ്ഡലം സുമതി എന്നിവരുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ച ആഷ ഇന്ന് സൗത്ത് ഈസ്റ്റ് മിഷിഗണിൽ മോഹിനിയാട്ടത്തിന്റെ പ്രചാരക കൂടിയാണ്.
നിരവധി വേദികളിൽ നർത്തകിയായി മോഹിനിയാട്ടത്തിലെ ലാസ്യഭാവനകളെ പ്രേക്ഷകരിലേക്ക് പകരുന്ന ആഷ ചാർട്ടേഡ് എക്കൗണ്ടൻസിയെയാണ് തൊഴിലാക്കിയത്. തന്റെ ഔദ്യോഗിക ജീവിതത്തോടൊപ്പം കലാജീവിതവും കൊണ്ടുപോവുന്ന ആഷ അമ്മയും ഗായികയുമായ ജാനകി ജയറാമിനെ ഡെട്രോയിറ്റിൽ അവർ നടത്തിവരുന്ന ശാസ്ത്രീയ സംഗീത ക്ലാസ്സുകളിലും സഹായിച്ചുപോരുന്നു.
കെ കരുണാകരന്റെ വേഷത്തിൽ സിനിമകളിൽ ശ്രദ്ധേയനായ ജയറാം ഹരിയാണ് ആഷയുടെ പിതാവ്.