മേലാറ്റൂർ രവി വർമ്മ
Attachment | Size |
---|---|
എതിരൻ മാഷിന്റെ ശേഖരത്തിൽ നിന്നും 1 | 210.27 KB |
എതിരൻ മാഷിന്റെ ശേഖരത്തിൽ നിന്നും 2 | 226.57 KB |
1943 ൽ മേലാറ്റൂർ അരീക്കര ഭവനത്തിൽ ജനിച്ചു. മേലാറ്റൂർ, നിലമ്പൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി. വിക്ടോറിയ, ഗുരുവായൂരപ്പൻ എന്നീ കോളേജുകളിൽ നിന്ന ഉന്നത പഠനവും. പഠനകാലത്തു തന്നെ കലയും സാഹിത്യവും ആവേശമായിരുന്ന മേലാറ്റൂർ രവി വർമ്മ, കോളേജ് പഠനത്തിനു ശേഷം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് സിനിമയെന്ന മാധ്യമത്തെ കുറിച്ച് പഠിച്ചു. 1964ൽ അവിടെ നിന്നും ചിത്രസംയോജനത്തിൽ ബിരുദം നേടി. പിന്നീട് പി ഭാസ്കരൻ മുഖേന സംവിധായകൻ വിൻസന്റിന്റെ അടുത്തെത്തുകയായിരുന്നു. എം ടി തിരക്കഥയെഴുതിയ മുറപ്പെണ്ണിൽ അദ്ദേഹത്തിന്റെ സഹായിയായി സിനിമാ ലോകത്തേക്ക് കടന്നു വന്നു. ഒരു പതിറ്റാണ്ട് കാലം വിൻസന്റിനൊപ്പം വിവിധ ചിത്രങ്ങളിൽ സഹായിയായിരുന്നു. നദി, ആഭിജാത്യം, അശ്വമേധം, നഗരമേ നന്ദി, ത്രിവേണി, ഗന്ധർവ്വ ക്ഷേത്രം, അസുരവിത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായിരുന്നു.
1977 ൽ പ്രേം നസീർ, ജയഭാരതി, കെ പി ഉമ്മർ എന്നിവരെ അണിനിരത്തി അനുഗ്രഹം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് സ്വതന്ത്ര സംവിധായകനായി. രവി വർമ്മയുടെ കഥയ്ക്ക് തോപ്പിൽ ഭാസിയായിരുന്നു സംഭാഷണമൊരുക്കിയത്. ആ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് എം ആർ ജോസഫിന്റെ തിരക്കഥയിൽ അവൾക്കു മരണമില്ല എന്ന ചിത്രമൊരുക്കി. സോമൻ, കുതിരവട്ടം പപ്പു, വിധുബാല എന്നിവരായിരുന്നു പ്രധാന താരങ്ങൾ. പുനർജന്മത്തെ ആധാരമാക്കി 1978 ൽ ഇറങ്ങിയ ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. ജയമാരുതി പ്രൊഡക്ഷൻസ് 1979 ൽ ഇറക്കിയ ജിമ്മി എന്ന കുറ്റാന്വേഷണ ചിത്രമായിരുന്നു അദ്ദേഹം അവസാനം സംവിധാനം ചെയ്ത ചിത്രം.
1980 കളുടെ തുടക്കത്തിൽ അദ്ദേഹം തിരക്കഥാ രചനയിലേക്ക് തിരിഞ്ഞു. ജയന്റെ അവസാന ചിത്രമായ കോളിളക്കത്തിന്റെ രചയിതാവ് മേലാറ്റൂരാണ്. രഘുവരൻ - രോഹിണി എന്നിവരെ ഒന്നിപ്പിച്ച കക്ക, മമ്മൂട്ടി ഷാനവാസ് ടീമിന്റെ പ്രതിജ്ഞ എന്നിവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥയിൽ പുറത്തെത്തിയ ചിത്രങ്ങളാണ്. എൻ പി മുഹമ്മദിന്റെ തിരക്കഥയിൽ പ്രേം നസീറിനെ ടൈറ്റിൽ റോളിൽ അവതരിപ്പിച്ച അന്തമാൻ അബ്ദുള്ള എന്ന ചിത്രം ചിത്രീകരിച്ചുവെങ്കിലും പാതി വഴിയിൽ മുടങ്ങിപ്പോയി. പ്രേംജിയെ നായകനാക്കിയ ഒരു യാത്ര തുടങുന്നു, ഏഴാം സ്വർഗ്ഗം തൂടങ്ങിയ ചിത്രങ്ങളും പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു. പിന്നീട് സിനിമയിൽ സജീവമായിട്ടില്ല.
കേരള സർക്കാരിന്റെ ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച സിനിമ-ടെലിവിഷൻ അവാർഡുകമ്മിറ്റിയിലെ ജൂറി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മേലാറ്റൂരും പെരിന്തൽമണ്ണയിലുമായി താമസിക്കുന്നു.
ഭാര്യ: രുഗ്മിണി. മകൾ - ഡോക്ടർ അനുരാധാവർമ്മ