അഞ്ജു ഏബ്രഹാം

Anju Abraham

ഇടുക്കി കട്ടപ്പന സ്വദേശി. കെ എ ഏബ്രഹാമിന്റെയും ജെസ്സി ഏബ്രഹാമിന്റെയും മൂത്ത മകളായി ജനനം. അച്ഛൻ ഫെഡറൽ ബാങ്കിൽ ചീഫ് മാനേജരായി ജോലി നോക്കുന്നു.ആനന്ദ്,അമൽ എന്നിവർ സഹോരന്മാരാണ്. അഞ്ജു പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം MSc മാത്തമാറ്റിക്സ് മാസ്റ്റർ ബിരുദം, B.Ed തുടങ്ങിയ അക്കാദമിക് പ്രൊഫഷണൽ കോഴ്സുകളും ഫാഷൻ ഡിസൈനിംഗിൽ പി.ജി ഡിപ്ലോമയും കരസ്ഥമാക്കി. സ്കൂൾ കോളേജ് തലങ്ങളിലൊക്കെ കലാതിലകവും നിരവധി വേദികളിലെ സംഗീതമത്സരങ്ങളിൽ സമ്മാനാർഹയുമായി. ഏഷ്യാനെറ്റ്, കൈരളി, സൂര്യ ടിവി, ടിവി ന്യൂ, ഫ്ലവേഴ്സ് ടിവി തുടങ്ങിയ ചാനലുകളിൽ വിവിധ സംഗീത പരിപാടികളിൽ അവതാരകയായിരുന്നു. മഴവിൽ മനോരമ സൂപ്പർ 4ന്റെ കോസ്ട്യൂം, പാടാം നമുക്ക് പാടാം എന്ന പ്രോഗ്രാമിന്റെ ഗ്രൂമിംങ്ങ് അസിസ്റ്റന്റ്, സീ ടീവിയിലെ ലെറ്റ്സ് റോക്ക് & റോൾ എന്ന പരിപാടിയുടെ സ്ക്രിപ്റ്റിംഗ് തുടങ്ങി വ്യത്യസ്തമായ പ്രൊഫഷണൽ മേഖലകളിൽ പ്രവർത്തിച്ചു.

പാട്ടുകാരിയായ അഞ്ജു പ്രൊഫഷണൽ ഗായികയാവാൻ ആഗ്രഹിച്ചെങ്കിലും ചാനലുകളിൽ സംഗീത പ്രോഗ്രാമുകളിൽ അവതാരകയായായാണ് കൂടുതലും ശ്രദ്ധേയയായത്. ഗൃഹലക്ഷ്മി, മഹിളാരത്നം തുടങ്ങിയവക്ക് വേണ്ടി മോഡലുമായിരുന്ന അഞ്ജുവിന്റെ അവതരണ-മോഡലിംഗ് പരിചയങ്ങളൊക്കെ സിനിമയിലേക്കുമുള്ള അവസരവുമായി. ബിയോൺ, ദേവൻ തുടങ്ങിയ താരങ്ങളുടെ സിനിമയായ ഒരു ന്യൂ ജനറേഷൻ പനി എന്ന സിനിമയിലൂടെ അഞ്ജു സെക്കന്റ് ‌ഹീറോയിനായി മലയാള സിനിമയിൽ തുടക്കമിട്ടു. അമൃത ടിവിയിലെ ടെലി സീരീസിലും അഭിനയിച്ചു. അതിനോടൊപ്പം തന്നെ നിരവധി ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു. സ്വന്തം ശബ്ദം തന്നെ സിനിമയിലും ഉപയോഗിച്ച റെക്കോർഡിംഗ് പരിചയം സിനിമയുടെ ഡബ്ബിംഗിലേക്കും കടന്നു വരാൻ സഹായകമായി. കിടു എന്ന സിനിമയിലും വേഷമിട്ടു.

കൊച്ചിയിൽ ഷോപ്പ് നടത്തി വരവേ 'ചലച്ചിത്രമെന്ന' ഡബ്ബിംഗ് സ്റ്റുഡിയോയിൽ ഡബ്ബിംഗ് സാധ്യതകൾ പരീക്ഷിച്ചു തുടങ്ങി പിന്നീട് പല സിനിമകൾക്കും ഡബ്ബ് ചെയ്തു. സിനിമകൾക്ക് പുറമേ നിരവധി പരസ്യജിംഗിളുകൾക്കും ശബ്ദം കൊടുത്തു. ലോയ്ഡ്, ആംസ്ട്രാട്, പീജിയോൺ, മുത്തൂറ്റ് ഫിൻ കോർപ്പ്, ഈസ്‌ടീ തുടങ്ങിയ ബ്രാൻഡുകളുടെ പരസ്യങ്ങൾക്കാണ് പ്രധാനമായും ശബ്ദം കൊടുത്തത്. പൈപ്പിൻ ചുവട്ടിലെ പ്രണയം, ക്യാപ്റ്റൻ, കിടു തുടങ്ങിയ സിനിമകളിലൊക്കെ ഡബ്ബിംഗ് ചെയ്തു.

കൊച്ചിയിൽ വൈറ്റിലയിൽ ഭർത്താവ് നിജോ നിക്കോളാസിനും മകൾ നിഹാരക്കുമൊപ്പം താമസിക്കുന്ന അഞ്ജു യൂട്യൂബിൽ ഗായികയായി പാട്ടുകളുടെ കവർ വേർഷനുകളിലൂടെയും ശ്രദ്ധേയയാണ്. നിലവിൽ പല ചാനലുകൾക്ക് വേണ്ടിയും സെലിബ്രറ്റി ഇന്റർവ്യൂകൾ നടത്തുകയാണ് അഞ്ജു. പ്രധാനമായും ടോക്ക്സ് നെറ്റ്‌വർക്കിനു വേണ്ടി ഇന്റർവ്യൂവറായി ജോലി നോക്കുന്ന അഞ്ജു ഡബ്ബിംഗ് സംഗീത മേഖലയിൽ കൂടുതൽ അവസരങ്ങൾക്ക് ശ്രമിക്കുന്നു.

അഞ്ജുവിന്റെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | യൂട്യൂബ് ചാനലിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ

ഓഡിയോ ക്ലിപ്പിനു കടപ്പാട് : പൈപ്പി‌ൻ ചുവട്ടിലെ പ്രണയമെന്ന സിനിമ, കപ്പ ടിവിയിലെ ഇന്റർവ്യൂ