അജയ് രത്നം
തമിഴ്നാട് ചെന്നൈ സ്വദേശിയാണ് അജയ് രത്നം. തമിഴ് സിനിമകളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്കെത്തുന്നത്. 1989 -ൽ റിലീസ് ചെയ്ത Naalai Manithan എന്ന സിനിമയില് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അജയ് രത്നം സിനിമാഭിനയത്തിന് തുടക്കംകുറിയ്ക്കുന്നത്. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ കാരക്റ്റർ വേഷങ്ങളും വില്ലൻ വേഷങ്ങളും അവതരിപ്പിച്ചു.
1994 -ൽ വിഷ്ണു എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലനായി അഭിനയിച്ചുകൊണ്ടാണ് അജയ് രത്നം മലയാള സിനിമയിലേക്കെത്തുന്നത്. ആ വർഷം തന്നെ സൈന്യം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. കേരളവർമ്മ പഴശ്ശിരാജ, ഭരത്ചന്ദ്രൻ ഐ പി എസ്, മാമാങ്കം (2019) എന്നിവയുൾപ്പെടെ പതിനഞ്ചോളം മലയാള സിനിമകളിൽ അജയ് രത്നം അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കു പുറമേ ചില തമിഴ് സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഒരു അഭിനേതാവ് എന്നതിനു പുറമേ ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് അജയ് രത്നം. STONE TO DIAMOND എന്ന സ്വന്തം അക്കാദമിയിലൂടെ നിരവധി കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. V Square എന്ന പേരിൽ ഒരു സ്പോർട്ട്സ് അക്കാദമി സ്ഥാപിച്ച് നിരവധി കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നുണ്ട്. അജയ് രത്നത്തിന്റെ മകൻ ധീരജ് വിഷ്ണു രത്നം സിനിമാഭിനേതാവാണ്.