തിക്കോടിയൻ

Thikkodiyan
Date of Birth: 
ചൊവ്വ, 15 February, 1916
Date of Death: 
Sunday, 28 January, 2001
പി കുഞ്ഞനന്തൻ നായർ
എഴുതിയ ഗാനങ്ങൾ: 1
കഥ: 5
സംഭാഷണം: 6
തിരക്കഥ: 6

കോഴിക്കോട് കൊയിലാണ്ടിക്കടുത്ത തിക്കോടിയില്‍ എം. കുഞ്ഞപ്പനായരുടേയും പി. നാരായണി അമ്മയടേയും മകനായി 1916 ഫെബ്രുവരി 15 ആം തിയതിയാണ് പി.കുഞ്ഞനന്തന്‍ നായര്‍ എന്ന തിക്കോടിയന്‍ ജനിച്ചത്. പ്രശസ്ത ഹാസ്യ സാഹിത്യകാരന്‍ സഞ്ജയനാണ് ഇദ്ദേഹത്തിന് തിക്കോടിയനെന്ന് പേരിട്ടത്.

കൊയിലാണ്ടി ബാസല്‍ മിഷന്‍ മിഡില്‍ സ്‌കൂളില്‍ പഠിച്ചശേഷം വടകര ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച കൊയിലാണ്ടി സ്‌കൂളില്‍തന്നെ 1936 ല്‍ അദ്ധ്യാപകനായി. 

1938 ല്‍ നടന്ന അദ്ധ്യാപകസമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി. തുടർന്ന് 4 വർഷത്തോളം വീട്ടുകാര്യങ്ങളുമായി കഴിഞ്ഞു കൂടിയ അദ്ദേഹം 1942 ൽ ഗോപാലപുരത്ത് ദേവദാര്‍ മലബാര്‍ പുനരുദ്ധാരണ സംഘത്തില്‍ ഡി.എം.ആര്‍.ടി. വര്‍ക്കറായി ജോലിക്ക് കയറി. ഈ സമയത്തതായിരുന്നു ഇദ്ദേഹം സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന പാർവതിയെ കല്ല്യാണം കഴിക്കുന്നത്.

44 ല്‍ സംഘം ഓഫീസില്‍ അസിസ്റ്റന്‍റായി കോഴിക്കോട്ടെത്തി. പിന്നീട് ആ ജോലിയും വിട്ട് കൃഷിക്കാരനായി. അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത്, ഈ സമയത്തായിരുന്നു. ഏഴു വര്‍ഷം മാത്രം നീണ്ട ദാമ്പത്യം അങ്ങിനെ 1949 ല്‍ അവസാനിച്ചു. പുഷ്പ ഏക മകളാണ്. 

തുടർന്ന് ഇദ്ദേഹം 1950 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നു. അവിടെ 25 വർഷത്തോളം ജോലി നോക്കിയ ഇദ്ദേഹം ഡ്രാമാ പ്രൊഡ്യൂസറായി 1975 ലാണ് റിട്ടയര്‍ ചെയ്യുന്നത്.

ആദ്യ നാടകമായ 'ജീവിത'ത്തിന് കേന്ദ്രകലാസമിതിയുടെ നാടകമത്സരത്തില്‍ അവതരണത്തിനും സ്‌ക്രിപ്റ്റിനും ഒന്നാം സ്ഥാനം നേടി തുടങ്ങിയ ഇദ്ദേഹത്തിന്റെ നാടക ജീവിതത്തിൽ നിരാഹാരസമരം, പുണ്യതീര്‍ത്ഥം, പ്രസവിക്കാത്ത അമ്മ, കര്‍ഷകന്‍റെ കിരീടം, ദൈവം സ്‌നേഹമാണ്, അറ്റുപോയകണ്ണി, ഒരു പ്രേമഗാനം, ഷഷ്ടിപൂര്‍ത്തി, കന്യാദാനം, തീപ്പൊരി, കറുത്തപെണ്ണ്, കനകം വിളയുന്ന മണ്ണ്, പുതുപ്പണം കോട്ട, പണക്കിഴി, തിക്കോടിയന്‍റെ ഏകാങ്കങ്ങള്‍,  തിക്കോടിയന്‍റെ തെരഞ്ഞെടുത്ത നാടകങ്ങള്‍ എന്നിങ്ങിനെ നിരവധി നാടകങ്ങളുണ്ട്.

ചുവന്ന കടല്‍, മഞ്ഞുതുള്ളി, അശ്വഹൃദയം, കൃഷ്ണസര്‍പ്പം, താളപ്പിഴ എന്നീ നോവലുകളും നമസ്‌തെ, നുള്ളും നുറുങ്ങും ,പൂത്തിരി എന്നീ ഹാസ്യ കവിതകളും ഗുഡ്‌നൈറ്റ്, മായാപ്രപഞ്ചം എന്നീ ഹാസ്യലേഖനങ്ങളും മിഠായിമാല, ഏകാങ്കങ്ങള്‍ എന്നീ ബാലസാഹിത്യങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.

നൃത്തശാല, ഉദയം കിഴക്കു തന്നെ, ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ, സന്ധ്യാരാഗം, മരിക്കുന്നില്ല ഞാൻ എന്ന ചലച്ചിത്രങ്ങളുടെ കഥയും ഉദയം കിഴക്കു തന്നെ, സന്ധ്യാരാഗം, മരിക്കുന്നില്ല ഞാൻ, പുള്ളിമാന്‍, പഴശ്ശിരാജ, ഉത്തരായണം (അരവിന്ദനോടൊപ്പം) എന്ന ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും കടമ്പ എന്ന ചിത്രത്തിലെ 'അപ്പോഴും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്' എന്ന ഗാനവും മലയാള സിനിമക്കായി തിക്കോടിയന്റെ സംഭാവനകളാണ്.

1980 നു മുമ്പുളള അഞ്ചു ദശാബ്ദങ്ങളിലെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക നവോത്ഥാനത്തെ വ്യക്തിപരമായ അനുഭവങ്ങളിലൂടെ ഓര്‍മ്മിക്കുന്ന 'ഇതിലെ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് എന്നിവ ലഭിക്കുകയുണ്ടായി. സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ഉത്തരായനം എന്ന ചലച്ചിത്രത്തിന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാർഡ് എന്നിങ്ങിനെയുള്ള മറ്റ് നിരവധി അവർഡുകളും ഇദ്ദേഹത്തെ തേടി വന്നിട്ടുണ്ട്.

കേരള സംഗീത നാടക അക്കാദമി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫൈനാന്‍സ് ഫാക്കല്‍റ്റി, സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ഉള്‍പ്പൈടെ നിരവധി കമ്മിറ്റികളില്‍ അംഗമായിരുന്ന ഇദ്ദേഹം എം.ടി യുടെ നിര്‍ബന്ധത്തില്‍ വഴങ്ങി എഴുതിയ 'അരങ്ങുകാണാത്ത നടന്‍' എന്ന ആത്മകഥ വായനക്കാര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു.

2001 ജനുവരി 28 ആം തിയതി ഇദ്ദേഹം തന്റെ 85 ആം വയസ്സിൽ അന്തരിച്ചു.