സബിത ജയരാജ്
മലയാള ചലച്ചിത്ര നടി, വസ്ത്രാലങ്കാരിക, സഹസംവിധായിക, നിർമ്മാതാവ്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജിന്റെ ഭാര്യയാണ് സബിത ജയരാജ്. വിവാഹത്തിനുശേഷമാണ് സബിത സിനിമയിലേയ്ക്കെത്തുന്നത്. വിവാഹ സമയത്ത് ബിരുദത്തിനു പഠിയ്ക്കുകയായിരുന്നു സബിത. വിവാഹശേഷം പി ജി കഴിഞ്ഞു.. അതിനുശേഷം ഡൽഹിയിൽ പോയി ഫാഷൻ ഡിസൈനിംഗ് കോഴ്സ് ചെയ്തു. 1998-ൽ കെ ബി മധു സംവി ധാനം ചെയ്ത ചിത്രശലഭം എന്ന സിനിമയുടെ സഹസംവിധായികയായിട്ടാണ് സബിത ജയരാജ് സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്.
2001-ൽ കലാഭവൻ മണി നായകനായ ദി ഗാർഡ് എന്ന സിനിമയിലുട്രെ സബിത നിർമ്മാതാവായി. ജയരാജ് സംവിധാനം ചെയ്ത കണ്ണകി എന്ന സിനിമയുടെ വസ്ത്രാലങ്കാരം ചെയ്തുകൊണ്ട് സബിത ജയരാജ് ചലച്ചിത്ര രംഗത്ത് സജീവമായി. 2001-ലെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം കണ്ണകി സബിതയ്ക്ക് നേടിക്കൊടുത്തു. ജയരാജ് ചിത്രങ്ങളായ തിളക്കം, അശ്വാരൂഡൻ, ഓഫ് ദ് പീപ്പിൾ എന്നിവയ്ക്കും വസ്ത്രാലങ്കാരം നിർവഹിച്ചു. 2008-ൽ ജയരാജിന്റെ തന്നെ ഗുൽമോഹർ എന്ന സിനിമയിലൂടെയാണ് സബിത അഭിനയരംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് പത്തോളം സിനിമകളിൽ അഭിനയിച്ചു.
സബിത - ജയരാജ് ദമ്പതികൾക്ക് രണ്ടുമക്കളാണുള്ളത്. മകൾ ധനു, മകൻ കേശവ്.