രേണു സൗന്ദർ
1992 ഒക്റ്റൊബർ 13 -ന് സൗന്ദർ രാജന്റെയും രമണി ഭായിയുടെയും മകളായി തിരുവനന്തപുരം ജില്ലയിലെ വിഴയൂരിൽ ജനിച്ചു. ചിത്രകാരിയായ രേണു സൗന്ദർ കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലാണ് ബി എഫ് എയും എം എഫ് എയും പഠിച്ചത്. യൂണിവേഴ്സ്റ്റിയിൽ നാടകവിഭാഗമുള്ളതിനാൽ അവരുമായുള്ള പരിചയമാണ് രേണുവിനെ അഭിനയരംഗത്ത് എത്തിച്ചത്. ആ നാടക അഭിനേതാക്കളോടൊപ്പം "ബി ട്രെയിൻ".എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് രേണു അഭിനയരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. സിനിമയിലെത്താൻ കാരണമായതും നാടകം തന്നെയാണ്.
രേണുവിന്റെ തിയ്യേറ്റർ പെർഫോമൻസ് കണ്ട് കോളേജ് യൂണിയൻ ചെയർമാൻ സംവിധായിക വിധു വിൻസെന്റിന് രേണുവിന്റെ ഫോട്ടോസ് അയച്ചുകൊടുത്തു. തുടർന്ന് സംവിധായിക രേണുവിനെ വിളിപ്പിയ്ക്കുകയും താൻ സംവിധാനം ചെയ്യുന്ന സിനിമ മാൻഹോൾ -ളിൽ പ്രധാന വേഷം കൊടുക്കുകയും ചെയ്തു. 2011 -ൽ കർച്ചീഫ് എന്ന ഒരു ഷോർട്ട് ഫിലിമിൽ അഭിനയിച്ച രേണു 2013 -ൽ കൈരളി ചാനലിലെ ഉൾക്കടൽ എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ട് ടെലിവിഷൻ മേഖലയിലേയ്ക്ക് ചുവടുവെച്ചു. കോളേജിൽ സീനിയറായി പഠിച്ചിരുന്ന നടി സുരഭി ലക്ഷ്മി വഴിയാണ് രേണൂ കറുത്തമുത്ത് എന്ന സീരിയലിൽ എത്തുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കറുത്തമുത്തിൽ നായികാ വേഷം ചെയ്തതോടെയാണ് രേണു സൗന്ദർ പ്രേക്ഷകശ്രദ്ധ നേടിയത്. അതിനുശേഷം മലയാളത്തിലും തമിഴിലും ചില സീരിയലുകൾ കൂടി ചെയ്തു. ഭഗവാന്റെ മരണം എന്നൊരു നാടകത്തിലും രേണു അഭിനയിച്ചിട്ടുണ്ട്.
മാൻഹോളിനുശേഷം ചാലക്കുടിക്കാരൻ ചങ്ങാതി, ഓട്ടം, ജാക്ക് ആൻഡ് ജിൽ, പത്തൊൻപതാം നൂറ്റാണ്ട് എന്നിവയുൾപ്പെടെ പത്തോളം മലയാള സിനിമകളിലും ഒരു തമിഴ് സിനിമയിലും രേണു അഭിനയിച്ചിട്ടുണ്ട്. ചിത്രകാരിയായ രേണു സൗന്ദർ ഓയിൽ പെയ്ന്റിംഗാണ് കൂടുതൽ ചെയ്യുന്നത്. രേണു സൗന്ദർ കുറേ എക്സിബിഷനുകൾ ചെയ്തിട്ടുണ്ട്.