ജിന്റോ തെക്കിനിയത്ത്

Jinto Thekkiniyath

 തൃശ്ശൂർ കുന്നത്തങ്ങാടി സ്വദേശിയായ ജിന്റൊ ചുമടെടുപ്പ് തൊഴിൽ മേഖലയിൽ നിന്നുമാണ് സിനിമാസംവിധാന രംഗത്ത് എത്തുന്നത്. നാടകങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുമ്പോളും അദ്ദേഹം കലാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. വ്യത്യസ്തങ്ങളായ നാടകങ്ങൾ ഒരുക്കിക്കൊണ്ട് ജിന്റൊ ആസ്വാദക ശ്രദ്ധ പിടിച്ചുപറ്റി.  എം ടിയുടെ "പള്ളിവാളും കാൽച്ചിലമ്പും", മാധവിക്കുട്ടിയുടെ "കാമപ്രാന്ത് " എന്നിവ മോണോആക്ട് രൂപത്തിലാക്കി സംവിധാനം ചെയ്തു.

2010 -ൽ അരിമ്പൂർ സെന്റ് ആന്റണീസ് പള്ളിത്തിരുനാളിന് നാട്ടുകാരായ മുന്നുറ്പേരെ അണിനിരത്തി "കൃസ്തുവിന്റെ പടയാളി" എന്ന സിനിമാറ്റിക് ഡ്രാമ ജിന്റൊ സംവിധാനം ചെയ്തു. അതിനുശേഷം മുവ്വായിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള "മൊറൊക്കാസ" എന്ന സിനിമാറ്റിക് ഡ്രാമ തിരക്കഥ എഴുതി സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം ശ്രദ്ധനേടി. തൃശ്ശൂരിൽ വെച്ച് നടന്ന, ജിന്റൊ പ്രൊസഷൻ ഡയറക്ടറായ ബോൺ നതാലെ ആ വർഷത്തെ ഗിന്നസ് വേൾഡ് റെക്കോഡ് നേടിയിട്ടുണ്ട്.

ജിന്റൊ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഹിന്ദി ഷോർട്ട് ഫിലിം "പാക്കി 8 " ചെന്നൈയിൽ നടന്ന എ വി എം ഫിലിം ഫെസ്റ്റിവല്ലിലടക്കം നാല്പതിലധികം പുരസ്ക്കാരങ്ങൾ നേടി. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ് എന്ന സിനിമയുടെ സഹസംവിധായകനായാണ് ജിന്റോ സിനിമയിൽ അരങ്ങേറുന്നത്. അതിനുശേഷം ആ മുഖങ്ങൾ എന്ന സിനിമയ്ക്ക് തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിച്ചുകൊണ്ട് ജിന്റൊ സ്വതന്ത്ര സംവിധായകനായി.