പൂജ മോഹൻരാജ്
1992 ഒക്റ്റോബർ 4 ന് മോഹൻരാജിന്റെയും ഉഷ മോഹൻ രാജിന്റെയും മകളായി പോണ്ടിച്ചേരിയിൽ ജനിച്ചു. അച്ഛനുമമ്മയും കണ്ണൂർ സ്വദേശികളാണ്. അച്ഛൻ മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു. പോണ്ടിച്ചേരി St. Joseph of Cluny, ഒമാനിൽ മസ്‌കറ്റിലെ Al-Ghubra, എറണാകുളം ഭാവൻസ് ആദർശ വിദ്യാലയ എന്നീ സ്ക്കൂളുകളിലായിരുന്നു പൂജയുടെ പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി ലേഡി ശ്രീറാം കോളേജ് ഓഫ് വുമൻസിൽ നിന്നും ബി എ എക്കണോമിക്സ് പൂർത്തിയാക്കിയ പൂജ, തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും തിയ്യേറ്റർ ആർട്സിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി. അതിനുശേഷം സിംഗപ്പൂർ ഇന്റർകൾച്ചറൽ തിയ്യേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഇന്റർ കൾച്ചറൽ തിയ്യേറ്റർ ആക്റ്റിംഗിൽ പ്രൊഫഷണൽ ഡിപ്ലോമയും നേടി.
പത്താം വയസ്സിൽ ലോകധർമിയിൽ കുട്ടികളുടെ തിയറ്റർ ട്രൂപ്പിൽ അംഗമായിക്കൊണ്ടാണ് പൂജ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. കൂടിയാട്ടത്തിൽ പരിശീലനം ലഭിച്ചിട്ടുള്ള പൂജ കണ്ടമ്പററി ആക്റ്റിംഗ് പോലെയുള്ള തിയറ്റർ ടെക്നിക്കുകളിലൊക്ക ലോകത്തിന്റെ പലഭാഗത്ത് നിന്നും ശാസ്ത്രീയമായ പരിശീലനം നേടിയിരുന്നു. ജി വേണു, ഡേവിഡ് സിൻഡർ (Israel), ഫിലിപ് സാറില്ലി (UK) തുടങ്ങിയ ലോകപ്രശസ്തരായ പരിശീലകരിൽ നിന്നും തിയറ്റർ പരിശീലനം നേടിയ ശേഷം ഏകദേശം മുപ്പതോളം നാടകങ്ങളിൽ അഭിനയിച്ചു. അർനേ നീം, ശങ്കർ വെങ്കിടേശ്വരൻ, ചന്ദ്രദാസൻ, കുമാര വർമ്മ, ശശിധരൻ നടുവിൽ, നീൽ ചൗധരി എന്നീ പ്രശസ്തരായ സംവിധായകരുടെ നാടകങ്ങളിലാണ് പ്രവർത്തിച്ചത്.
അഭിനേത്രി, അഭിനയ പരിശീലക, അക്കാദമീഷ്യൻ, തിയ്യേറ്റർ എജുക്കേറ്റർ, ഓർഗനൈസർ എന്നീ മേഖലകളിലെല്ലാം കഴിവുതെളിയിച്ചിട്ടുള്ളയാളാണ് പൂജ. സിംഗപ്പൂരിൽ രവീന്ദ്രൻ ഡ്രാമാ ഗ്രൂപ്പിന്റെ ഭാഗമായി "പാതേ നിമിഡം" എന്ന തമിഴ് തിയറ്റർ ഫെസ്റ്റിവലിൽ പെർഫോം ചെയ്ത പൂജ സിംഗപ്പൂരിലെ എഴുത്തുകാരുടെ ഫെസ്റ്റിവലിൽ "സ്ട്രെയിറ്റ് ജാക്കറ്റ്" എന്ന സോളോ പെർഫോമൻസും അവതരിപ്പിച്ചിരുന്നു.
അഭിനേത്രിയും പെർഫോമറും എന്നതിനു പുറമേ കേരളത്തിൽ നിരവധി അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവലുകളുടെ ഓർഗനൈസറായും പ്രവർത്തിച്ചു. കേരളത്തില പല സ്കൂളുകളിലും കോളേജുകളിലുമൊക്കെ തിയറ്റർ പരിശീലങ്ങൾ ലഭ്യമാക്കുന്നതും പൂജയുടെ പ്രവർത്തനങ്ങളിലൊന്നാണ്.
2021-ൽ മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഒഡീഷനിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്. തുടർന്ന് പൃഥ്വീരാജ് സുകുമാരൻ നായകനായ തനുബാലക്കിന്റെ കോൾഡ് കേസ് എന്ന ചിത്രത്തിൽ ജൂനിയർ ഐപിഎസ് വേഷം ചെയ്തു. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ അസംഘടിതർ എന്ന കഥയിലെ സജ്ന എന്ന വേഷം ശ്രദ്ധേയമായിരുന്നു.
പൂജയുടെ ജേഷ്ഠത്തി കവിത നമ്പ്യാർ UK ഗവണ്മെന്റിൽ ജോലി ചെയ്യുന്നു. ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം അവർ യുകെയിൽ താമസിക്കുന്നു. പൂജയുടെ താമസം കൊച്ചിയിലാണ്.