സി രാധാകൃഷ്ണന്‍

C Radhakrishnan
C Radhakrishnan
Date of Birth: 
Wednesday, 15 February, 1939
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 4
കഥ: 10
സംഭാഷണം: 8
തിരക്കഥ: 7

നോവലിസ്റ്റ്/കഥാകൃത്ത്/ ചലച്ചിത്രകാരൻ/ശാസ്ത്രജ്ഞൻ എന്നീ നിലകളിൽ അറിപ്പെടുന്ന ചക്കുപുരയിൽ രാധാകൃഷ്ണൻ എന്ന സി. രാധാകൃഷ്ണൻ പരപ്പൂർ മഠത്തിൽ മാധവൻ നായരുടെയും ചക്കുപുരയിൽ ജാനകി അമ്മയുടെയും മകനായി 1939 ഫെബ്രുവരി 15 ആം തിയതി തിരൂരിലാണ് ജനിച്ചത്.

മലയാളത്തിൽ അസ്തിത്വവാദാധിഷ്ഠിത ആധുനികതയുടെ കാലത്താണ് എഴുത്തുകാരൻ എന്ന നിലയിൽ സി.രാധാകൃഷ്ണൻ സജീവമാകുന്നത്. അക്കാലത്തെ സാഹിത്യത്തിൽ പ്രകടമായിരുന്ന ദാർശനികദുരൂഹത തന്റെ എഴുത്തിൽ ബോധപൂർവ്വം ഇദ്ദേഹം ഒഴിച്ചു നിർത്തി. ഇദ്ദേഹത്തിന്റെ കൃതികളിൽ വള്ളുവനാടൻ ഗ്രാമവും മഹാനഗരവും മാറിമാറി വരുന്ന പശ്ചാത്തലമാണ്. സാധാരണ മനുഷ്യരുടെ ജീവിതചിത്രണത്തിലൂടെ വൈവിദ്ധ്യവും വൈചിത്ര്യവും നിറഞ്ഞ ജീവിതമാണ് ഇദ്ദേഹം നടത്തിയീട്ടുള്ളത്. 

മന:ശാസ്ത്രത്തിന്റേയും ഭൗതിക ശാസ്ത്രത്തിന്റേയും ഉൾക്കാഴ്ചകൾ ഈ രചനകളിൽ പശ്ചാത്തലമായി നിലക്കൊള്ളുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് അദ്ദേഹം എഴുതിയ പുള്ളിപുലികളും വെള്ളിനക്ഷത്രങ്ങളും എന്ന ശാസ്ത്ര നോവൽ. കണ്ണിമാങ്ങകൾ, അഗ്നി എന്നീ ആദ്യകാല നോവലുകൾ ഗ്രാമജീവിതം പശ്ചാത്തലമായുള്ളവയാണ്. പുഴ മുതൽ പുഴ വരെ, എല്ലാം മായ്ക്കുന്ന കടൽ എന്നീ നോവലുകൾക്കു ശേഷം ബൃഹത്തായ രചനകളാണ് അധികവും അദ്ദേഹം പ്രകാശിപ്പിച്ചത്. സ്പന്ദമാപിനികളേ നന്ദി മുതലുള്ള രചനകൾ ഈ വിഭാഗത്തിൽ പെടുന്നു. എഴുത്തച്ഛന്റെ ജീവിതത്തെ ആധാരമാക്കി എഴുതിയ തീക്കടൽ കടഞ്ഞ് തിരുമധുരം മലയാളത്തിലെ വ്യത്യസ്തമായ നോവലാണ്. അദ്ദേഹത്തിന്റെ കൃതികൾ പല ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും അധികം വായിക്കപ്പെട്ട നോവലുകളിൽ ഒന്നായിരുന്നു നക്സലിസത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച മുൻപേ പറക്കുന്ന പക്ഷികൾ.

അഗ്നി/പുഷ്യരാഗം/കനലാട്ടം/അന്തിവെയിലിലെ പൊന്ന്/ഒറ്റയടിപ്പാതകൾ എന്നീ അഞ്ച് ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഇദ്ദേഹം 10 സിനിമകൾക്ക് കഥയും 7 സിനിമകൾക്ക് തിരക്കഥയും 8 സിനിമകൾക്ക് സംഭാഷണം എഴുതിയീട്ടുണ്ട്. 1993 ൽ അവസാനമായി സംവിധാനം ചെയ്ത ഒറ്റയടിപ്പാതകളിൽ ഒരു ഗാനവും ഇദ്ദേഹം എഴുതുകയുണ്ടായി. ശാസ്ത്ര മാസിക പത്രാധിപസമിതി അംഗമായും ജോലിചെയ്ത ഇദ്ദേഹം പത്രപ്രവർത്തനവും എഴുത്തും മുഖ്യകർമ്മമണ്ഡലമാക്കിയ ഇദ്ദേഹത്തിന്  ഭാരതീയ ജ്ഞാനപീഠ പുരസ്കാരസമിതി നൽകുന്ന മൂർത്തീദേവി പുരസ്കാരം 2013 ൽ തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന കൃതിക്ക് ലഭിച്ചിട്ടുണ്ട്. 

കൂടാതെ 1989 ൽ സ്പന്ദമാപിനികളേ നന്ദി എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, 1962 ൽ നിഴൽപ്പാടുകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം, 1990 ൽ മുൻപേ പറക്കുന്ന പക്ഷികൾ എന്ന കൃതിക്ക് വയലാർ പുരസ്കാരം, 1993 ൽ വേർപാടുകളുടെ വിരൽപ്പാടുകൾ എന്ന കൃതിക്ക് മഹാകവി ജി. പുരസ്കാരം, മൂലൂർ പുരസ്കാരം, ആലോചനക്ക് സി .പി. മേനോൻ പുരസ്കാരം, മുൻപേ പറക്കുന്ന പക്ഷികൾക്ക് അച്ച്യുതമേനോൻ പുരസ്കാരം, അബുദാബി മലയാളി സമാജം പുരസ്കാരം, പണ്ഡിറ്റ് കുറുപ്പൻ പുരസ്കാരം, ദേവി പ്രസാദം പുരസ്കാരം, മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻ‌നിർത്തി ലളിതാംബിക അന്തർജനം പുരസ്കാരം, 2008 ൽ അങ്കണം അവാർഡ്, 2010 ൽ കേരളസാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം, 2011ലെ വള്ളത്തോൾ പുരസ്കാരം, 2012 ൽ അമൃത കീർത്തി പുരസ്‌കാരം, എഴുത്തച്ഛൻ പുരസ്കാരം, 2016 ൽ നാലപ്പാടൻ സ്മാരക സാംസ്കാരിക സമിതി (എൻഎംസിഎസ്),
മലയാള സാഹിത്യത്തിൽ സമഗ്ര സംഭാവനകൾക്കുള്ള നാലപ്പാടൻ പുരസ്‌കാരം, 2023 ൽ ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണിദ്ദേഹമിപ്പോൾ.