സുരേഷ് രാമന്തളി

Suresh Ramanthali
Suresh K P
സുരേഷ് കെ പി
എഴുതിയ ഗാനങ്ങൾ: 10
സംഭാഷണം: 1
തിരക്കഥ: 1

പരേതനായ അധ്യാപകൻ എം.വി.ദാമോദരന്റെയും കെ.പി. ജാനകിയുടെയും മകനായി കണ്ണൂർ ജില്ലയിലെ രാമന്തളിയിൽ ജനിച്ചു. രാമന്തളി ഹൈസ്കൂൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു സുരേഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഹോട്ടൽ  മാനേജ്മെൻ്റ് കോഴ്സ് പാസായ അദ്ദേഹം തുടർന്ന് മുംബൈ പ്രവാസ ലോകത്തേക്ക് ജോലി ആവശ്യാർത്ഥം മാറുകയും പ്രവാസി സംഘടനകളിൽ സജീവമാവുകയും അവിടെ നിന്ന് എഴുത്തിന്റെ ലോകത്തിലേക്ക് കടന്ന് വരികയും ചെയ്തു.

പ്രവാസ സംഘടനകളുമായി  ചേർന്നുള്ള കലാ സാഹിത്യ സംരംഭങ്ങളും, ഫിലിം സൊസൈറ്റി കളുമായി ചേർന്നുള്ള പ്രവർത്തനങ്ങളുമായി സജീവമായി നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ സുരേഷ് നിരവധി കഥകളും,കവിതകളും ആനുകാലികങ്ങളിൽ എഴുതിയിരുന്നു  ആ സമയത്താണ് അദ്ധേഹം തിരക്കഥകൃത്തായും ഗാനരചയിതാവായും മനസ്സിൽ ഒരു മഞ്ഞുതുള്ളി എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്.  ബോംബെ രവി സംഗീത സംവിധാനം നിർവ്വഹിച്ച പ്രസ്തുത ചിത്രത്തിലെ സുജാത മോഹൻ ആലപിച്ച "പ്രണയിക്കുകയായിരുന്നൂ നാം..., കെ. ജെ യേശുദാസും, ചിത്രയും ആലപിച്ച "ഒരു നൂറുജന്മം..., എന്നീ ഗാനങ്ങൾ സുരേഷ് രാമന്തളിയുടെ രചനകളായിരുന്നു. അതേ ചിത്രത്തിന്റെ തിരക്കഥ രചനയും അദ്ധേഹം നിർവഹിച്ചു. തുടർന്ന് എട്ട് സിനിമകൾക്ക് കൂടി അദ്ധേഹം ഗാനങ്ങൾ രചിച്ചു. കൂടാതെ നിരവധി ഭക്തി ഗാനങ്ങൾ,നാടക ഗാനങ്ങൾ, ടെലിവിഷൻ ഷോകൾ തുടങ്ങിയവയ്ക്ക് വേണ്ടി നൂറോളം ഗാനങ്ങൾ രചിച്ചു.

എസ്സാർ ഫിലിംസ് എന്ന പേരിൽ സുരേഷ് രാമന്തളി സ്വന്തം പ്രൊഡക്ഷൻ ഹൌസിൽ ബോൺസായ്നിഴലാഴംഇഷ്ട രാഗം എന്നീ  ചിത്രങ്ങളുടെ നിർമ്മാതാവായി. നിർമ്മിച്ച മൂന്ന് സിനിമകളിലും നിരവധി ആൽബങ്ങളിലും, ഷോർട്ട് ഫിലിമുകളിലും അദ്ധേഹം അഭിനയിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് -അറ്റ്ലസ് പുരസ്‌കാരം, കൈരളി പുരസ്‌കാരം, അറേബ്യ മാഗസിൻ അവാർഡ്, മുംബൈ, ഗൾഫ് നാടുകളിലെ പ്രവാസ സംഘടനകളിൽ നിന്നുമുള്ള  നിരവധിയായ പുരസ്‌കാരങ്ങൾ എന്നിവ സുരേഷ് രാമന്തളിക്ക് ലഭിച്ചിട്ടുണ്ട്. അദ്ധേഹം നിരവധി കലാ സാംസ്‌കാരിക സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു വരുന്നുണ്ട്..ഇൻഡിപെൻഡൻസ് ഫിലിം, ടെലിവിഷൻ ടെക്നീഷ്യൻസ് ആൻഡ് ആർട്ടിസ്റ് അസോസിയേഷന്റെ (ifta) സംസ്ഥാന ജനറൽ സെക്രട്ടറി ആണ്.

സുരേഷ് രാമന്തളിയുടെ ഭാര്യ ആശ. മക്കൾ സംരേഷ്, സ്മൃതി.