രതീദേവി
1975 ൽ K നാരായണൻ സംവിധാനം ചെയ്ത മത്സരം എന്ന ചിത്രത്തിൽ ഒരു anglo-indian പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ശ്രീകല എന്ന തൃശൂർകാരി സിനിമയിലെത്തുന്നത്. പിന്നീട് ശ്രീകല കുറേ ചിത്രങ്ങളിൽ വേഷമിട്ടു. ലൗമാര്യേജ്, കൊട്ടാരം വിൽക്കാനുണ്ട്, പ്രസാദം, അജയനും വിജയനും, കാമധേനു , അഞ്ജലി, അമ്മായി അമ്മ,അന്തർദാഹം, സമുദ്രം, ചക്രവർത്തിനി, അനുമോദനം, സൊസൈറ്റിലേഡി, വ്യാമോഹം, അശോകവനം, ഭ്രഷ്ട് ,കോളേജ് ബ്യൂട്ടി തുടങ്ങിയ ചിത്രങ്ങളിൽ അമ്മായിഅമ്മയിലെ സുഭദ്രയും വ്യാമോഹത്തിലെ കാമുകിയും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ആദ്യവർഷം തന്നെ നായികയായി കരാർ ചെയ്യപ്പെട്ട പി വിജയന്റെ രജനി എന്ന ചിത്രം പലപല കാരണങ്ങളാൽ പുറത്തിറങ്ങാൻ വൈകിയപ്പോൾ മലയാളത്തിൽ അവർക്ക് തുടർന്ന് മികച്ച വേഷങ്ങളൊന്നും ലഭിച്ചില്ല.
അക്കാലത്ത് തന്നെ ശ്രീകല ഏതാനും തമിഴ്ചിത്രങ്ങളിലുമഭിനയിച്ചിരുന്നു.
തുടർന്ന് പാപ്പാത്തി എന്ന ചിത്രത്തിൽ നടിയെ രതീദേവി എന്ന പുതിയ പേരിൽ സംവിധായകൻ പുതുമുഖനായികയായി അവതരിപ്പിച്ചു..
സെക്സിന്റെ അതിപ്രസരമുണ്ടായിരുന്ന ആ ചിത്രം വൻഹിറ്റായി..
അതോടെ ശ്രീകല എന്ന മലയാളിപ്പേര് വിസ്മൃതിയിലാവുകയും രതീദേവി എന്ന പുതിയ പേരും പുതിയ ഇമേജും അവർക്ക് സ്ഥായിയായി ചാർത്തപ്പെടുകയും ചെയ്തു.
തുടർന്ന് മലയാളത്തിലും തമിഴിലും ഇതേ ജനുസ്സിലുള്ള കുറച്ച് ചിത്രങ്ങൾ കൂടി ചെയ്തുവെങ്കിലും എൺപതുകളുടെ പകുതിക്കു മുമ്പേ നടി രംഗത്തുനിന്നും നിഷ്കാസിതയാകുകയായിരുന്നു.
ശ്രീകല, രതീദേവിയായി മാറിയതിനുശേഷം മലയാളത്തിൽ ചെയ്ത ചിത്രങ്ങളാണ്
തകിലുകൊട്ടാമ്പുറം, താരാട്ട്, മഴു, ശില,കയം, പൗർണമി രാത്രിയിൽ എന്നിവ.
ഗ്ലാമർ വേഷങ്ങൾ മാത്രമല്ല ചുരുക്കമെങ്കിലും ചില നായികാവേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നത് വഴി ഈ രതീദേവിക്ക് സിനിമാചരിത്രത്തിൽ ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്.