പി വിജയന്‍
ഭാസ്കരൻ മാസ്റ്ററുടെ സംവിധാന സഹായിയായിട്ടാണ് പി വിജയൻ സിനിമാരംഗത്ത് തുടക്കം കുറിയ്ക്കുന്നത്. 1972 -ൽ എഡിറ്റർ K നാരായണനൊപ്പം ചേർന്ന് വിജയനാരായണൻ എന്ന പേരിൽ എറണാകുളം ജംഗ്‌ഷൻ, രാത്രിവണ്ടി എന്നീ ചിത്രങ്ങൾ ചെയ്തുകൊണ്ട് അദ്ദേഹം സംവിധാനരംഗത്ത് അരങ്ങേറി. 1973 -ൽ രാക്കുയിൽ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് വിജയൻ സ്വതന്ത്ര സംവിധായകനായി. ആ വർഷം തന്നെ ഒരു കന്യാസ്ത്രീയുടെ കഥ എന്ന ചിത്രം ജ്യോതിലക്ഷ്മിയെ നായികയാക്കി ചിത്രീകരണം ആരംഭിച്ചെങ്കിലും പടം പൂർത്തിയായില്ല. അതിനുശേഷം ചോറ്റാനിക്കര ഭഗവതി എന്ന സിനിമ സംവിധാനം ചെയ്തെങ്കിലും റിലീസായില്ല. തുടർന്ന് കല്യാണസൗഗന്ധികം, രജനി, ചൂണ്ടക്കാരി എന്നീ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
1977 -ൽ രാഗമാധുരി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഹൃദയസ്തംഭനം മൂലം സംവിധായകൻ പി വിജയൻ അന്തരിച്ചു. രാഗമാധുരി പൂർത്തിയാക്കാതെയാണ് അദ്ദേഹം യാത്രയായത്. ഒൻപത് സിനിമകളാണ് വിജയൻ സംവിധാനം ചെയ്തത്. അവയിൽ ആറ് സിനിമകളേ റിലീസായുള്ളൂ.1977 ഏപ്രിൽ 14 -ന് തന്റെ പൂർത്തിയാകാത്ത സിനിമകളോടൊപ്പം പി വിജയൻ കാലയവനികക്കുള്ളിൽ മറഞ്ഞു.
കടപ്പാട് - പ്രദീപ് മലയിൽക്കടയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.