പ്രിയനന്ദനൻ
മലയാള ചലച്ചിത്ര സംവിധായകൻ,നടൻ. 1966 ഫെബ്രുവരിയിൽ രാമകൃഷ്ണന്റെയും കൊച്ചമ്മിണിയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ വല്ലച്ചിറയിൽ ജനിച്ചു. സ്റ്റേജ് ഷോകളിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയനന്ദനൻ തന്റെ കരിയർ തുടങ്ങുന്നത്. സ്ത്രീവേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് പ്രിയനന്ദന്റെ തുടക്കം. നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് പ്രിയൻ വല്ലച്ചിറ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെ ആർ മോഹനൻ. പി ടി കുഞ്ഞുമുഹമ്മദ് എന്നീ സംവിധയകരുടെ കീഴിൽ പ്രവർത്തിച്ചുകൊണ്ടാണ് പ്രിയനന്ദൻ സിനിമയിലേയ്ക്കെത്തുന്നത്.
ന്യൂസ് റിലുകളും ഡോക്യുമെന്റ്രികളും സംവിധാനം ചെയ്തുകൊണ്ടാണ് പ്രിയനന്ദൻ തുടക്കമിടുന്നത്. വി എസ് അച്ചുതാനന്ദൻ, ഇ കെ നായനാർ എന്നിവരെ കുറിച്ചുള്ള ഡോക്യുമന്റ്രികൾ ഉൾപ്പടെ മികച്ച പല ഡോക്യുമെന്റ്രികളും അദ്ദേഹം സംവിധാനം ചെയ്തു. 2001-ൽ നെയ്ത്തുകാരൻ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് അദ്ദേഹം സിനിമയിലേയ്ക്ക് പ്രവേശിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് നെയ്ത്തുകാരനിലൂടെ പ്രിയ നന്ദൻ കരസ്ഥമാക്കി. നെയ്ത്തുകാരനിലെ അഭിനയത്തിന് മുരളിയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചു. പ്രിയനന്ദന്റെ രണ്ടാമത്തെ ചിത്രമായ പുലിജന്മം 2006-ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്.. എന്നിവയുൾപ്പെടെ എട്ടിലധികം സിനിമകൾ പ്രിയനന്ദൻ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളിൽ അദ്ദേഹം അഭിനയിയ്ക്കുകയും ചെയ്തിട്ടുണ്ട്.