കുപ്പുസ്വാമി മരുതൻ
പരേതരായ മരുതന്റെയും മണിയുടെയും മകനായി പാലക്കാട് ജില്ലയിലെ അട്ടപ്പാടി അഗളിയിലാണ് കുപ്പുസ്വാമി മരുതൻ ജനിച്ചത്. പത്താംക്ലാസിലെ തോൽവിയാണ് കുപ്പുസ്വാമിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പത്താംക്ലാസിൽ പരാജയപ്പെട്ടവരെ പഠിപ്പിക്കാൻ ദാസനൂർ സ്വദേശി ഡി നാരായണൻ സ്ഥാപിച്ച കാനകത്തിൽ എത്തിയതോടെയാണ് കുപ്പുസ്വാമിക്ക് നാടകാഭിനയത്തോട് താത്പര്യമുണരുന്നത്. സ്‌കൂൾ ഓഫ് ഡ്രാമ ഡയറക്ടർ കണ്ണൂരുകാരനായ രാമചന്ദ്രൻ മൊകേരി ഗവേഷണത്തിന്റെ ഭാഗമായി അട്ടപ്പാടിയിലെ ഊരിലെത്തിയത് വഴിത്തിരിവായി. അദ്ധേഹം സംവിധാനം ചെയ്ത രണ്ട് നാടകങ്ങളിൽ അഭിനയിച്ചു. തുടർന്ന് സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്ന് നാടകത്തിൽ കൂടുതൽ പരിശീലനം നേടി.
സംവിധാനം മുഖ്യവിഷയമാക്കി ബി.ടി.എ പഠനം പൂർത്തിയാക്കി. അക്കാലത്ത് അട്ടപ്പാടിയിൽനിന്ന് പുറത്തുപോയി പഠിച്ചയാളെന്ന പേരും കുപ്പുസ്വാമിക്കായിരുന്നു. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ആദ്യ ട്രൈബൽ യൂണിയൻ ഭാരവാഹിയുമായി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ ഇലക്‌ട്രോണിക് മീഡിയയിൽ എം.എസ്.സി.യും വിഷ്വൽ ഇഫക്‌ട് സർട്ടിഫിക്കേഷൻ കോഴ്‌സും പൂർത്തിയാക്കി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പി.എച്ച്.ഡി ഗവേഷണം തുടരുകയായിരുന്നു.
വയനാട്, കാസർകോഡ്, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നാടക പ്രവർത്തനങ്ങളുമായി നടന്ന കുപ്പുസ്വാമി ഗോത്രാചാരപ്രകാരമുള്ള ചടങ്ങുകളിൽ പങ്കെടുത്ത് 198 ഊരുകളിലെ 40 -ഓളം കലാകാരന്മാരെ കണ്ടെത്തി. ഇവരെ ചേർത്ത് ‘നമുക്ക് നാമെ’ കലാസാംസ്കാരികസമിതി രൂപവത്കരിച്ചു. മല്ലി, കൊങ്കത്തി, നൊന്ത് വെന്ത മനസ്സ്, എമുത് സമുദായ എന്നീ നാടകങ്ങൾ സംവിധാനം ചെയ്‌ത് അഭിനയിച്ചു. അഹാഡ്‌സിന് വേണ്ടി "കറുമ്പ്ളി സെമ്പിളി’ എന്ന ഡോക്യുഫിക്ഷനിൽ അദ്ധേഹം അഭിനയിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്കായി വേറിട്ട രീതിയിൽ പഠനകൂട്ടായ്മ ഒരുക്കിയ കുപ്പുസ്വാമി. അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തുകളിലെ വിദൂരസ്ഥലങ്ങളായ ഊരുകളിൽ പുസ്തകസഞ്ചി എത്തിച്ചു. കുടുംബശ്രീയുടെ ഭാഗമായ ബ്രിഡ്ജ് സ്കൂളിൽ നാടക പരിശീലനം, ഐ ടി ഡി പി അട്ടപ്പാടി, കില, സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, അട്ടപ്പാടിയിലെ വിവിധ ഹോസ്റ്റലുകളിലെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി സംഘടിപ്പിച്ച നാടക പരിശീലന കളരി, എൻ.എസ്.എസ് ക്യാമ്പ്, സ്കൂൾ, കോളേജ് എന്നിവിടങ്ങളിലെല്ലാം കുപ്പുസ്വാമി നാടക പരിശീലനം നൽകി,
ജിജു അശോകൻ സംവിധാനം ചെയ്ത ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് കുപ്പുസ്വാമി മരുതൻ സിനിമാരംഗത്തേക്കെത്തുന്നത്. അതിനുശേഷം പ്രിയനന്ദൻ സംവിധാനം ചെയ്ത ധബാരി ക്യുരുവി എന്ന സിനിമയുടെ തിരക്കഥ രചിച്ചുകൊണ്ട് ആ മേഖലയിലും കുപ്പുസ്വാമി തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ നഞ്ചിയമ്മയെ നാടകകക്കളരിയിലൂടെ കലാരംഗത്തെത്തിച്ചത് കുപ്പുസ്വാമിയാണ്.
കുപ്പുസ്വാമിയുടെ ഭാര്യ ജയന്തി.