അപ്പനിപ്പം വരും
അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ
അത്തലെല്ലാം തീരും എന്റെ കരളിന്റെ പൂക്കളേ (2)
ആർത്തിയോടെ വാരിയെടുത്തുമ്മ വെച്ചു മുകരാൻ
അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ
പൊന്മണികളല്ലെ എന്റെ കണ്മണികളല്ലയോ
പുണ്യം ചെയ്തൊരമ്മയ്ക്കീശൻ തന്ന നിധിയല്ലയോ
രാജദണ്ഡു പിടിയ്ക്കേണ്ട കൊച്ചുകൈകളല്ലയോ
രാജ്യഭാരം വഹിക്കേണ്ട ശിരസ്സുകളല്ലയോ
അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ
അത്തലെല്ലാം തീരും എന്റെ കരളിന്റെ പൂക്കളേ
കൊച്ചുകാലു വളരാൻ കൊച്ചുകൈകൾ വളരാൻ
പിച്ചവച്ചു നടക്കുന്ന കണ്ടു കണ്ണു കുളിരാൻ
കാത്തിരിക്കുന്നമ്മ എൻ കനകക്കുടങ്ങളേ
വളരുവിൻ വേഗം നിങ്ങൾ ഓമനക്കിടാങ്ങളേ
അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ
അത്തലെല്ലാം തീരും എന്റെ കരളിന്റെ പൂക്കളേ
കയ്യില്ലാത്തോരമ്മ തൻ കണ്ണുനീരു തുടയ്ക്കാൻ
കനിവുള്ള കന്നിയമ്മ തന്ന കൈകളല്ലയോ
മന്നിൽ വന്നുദിച്ച ഭാഗ്യതാരകങ്ങളല്ലയോ
വിണ്ണിൽനിന്നു വന്ന കൊച്ചു കോരകങ്ങളല്ലയോ
അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ
അത്തലെല്ലാം തീരും എന്റെ കരളിന്റെ പൂക്കളേ
ആർത്തിയോടെ വാരിയെടുത്തുമ്മ വച്ചു മുകരാൻ
അപ്പനിപ്പം വരും നിങ്ങളുറങ്ങല്ലെ മക്കളേ