എ എൻ ഗണേഷ്
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ നാടകകൃത്തും സംവിധായകനും നടനുമായ എ.എൻ.ഗണേഷ്, ഷൊർണൂർ അഴിക്കത്ത് നാരായണനെയും ജാനകിയുടെയും മകനായി 1940 ഓഗസ്റ്റ് 15ന് ജനിച്ചു. മൗനം നിമിത്തം, ആലയം, സിംഹാസനം, പാപത്തിന്റെ സന്തതി തുടങ്ങി ഒട്ടേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. മൗനം നിമിത്തം എന്ന നാടകത്തിന് 1993ലെ മികച്ച നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. കേരളാ തീയേറ്റേഴ്സ് തിരുവനന്തപുരം, ചാലക്കുടി സാരഥി തുടങ്ങി നിരവധി നാടകട്രൂപ്പുകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം പൗർണ്ണമി കലാമന്ദിർ എന്ന പേരിൽ ഷൊർണ്ണൂരിൽ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പിന്നീട് ഈ ട്രൂപ്പ് പിരിച്ചുവിടുകയായിരുന്നു. നാടകങ്ങൾക്കു പുറമേ വളയം, പുനരധിവാസം തുടങ്ങി ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2009 ഒക്ടോബർ 13-ന് ഇദ്ദേഹം അന്തരിച്ചു. നാടക-ചലച്ചിത്ര അഭിനേത്രിയായ മീന ഗണേഷ് ആണ് ഭാര്യ. സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവർ മക്കൾ.