മോഹനകൃഷ്ണൻ
പരേതരായ അമ്മശ്ശം വീട്ടിൽ കുട്ടിക്കൃഷ്ണൻ നായരുടെയും മണ്ണേംകുന്നത്ത് മാധവിക്കുട്ടിയമ്മയുടെയും മകനായി മലപ്പുറം ജില്ലയിലെ തിരൂർ തെക്കംകുറ്റൂരിൽ ജനിച്ചു. നാടകങ്ങളിലൂടെയാണ് മോഹനകൃഷ്ണൻ അഭിനയരംഗത്ത് എത്തുന്നത്. കുറച്ചുവർഷങ്ങൾ ഗൾഫിൽ ജോലി ചെയ്തതിനുശേഷം നാട്ടിൽ തിരിച്ചെത്തിയതിനുശേഷമാണ് അദ്ധേഹം സിനിമാ, സീരിയൽ അഭിനയരംഗത്ത് സജീവമാകുന്നത്..
സംവിധായകരായ ലോഹിതദാസ്, ജയരാജ് എന്നിവരോടുള്ള അടുപ്പമാണ് മോഹനകൃഷ്ണനെ സിനിമയിലേക്കെത്തിച്ചത്. കമൽ സംവിധാനം ചെയ്ത ആയുഷ്‌കാലം എന്ന സിനിമയിൽ ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷം ചെയ്തുകൊണ്ടായിരുന്നു സിനിമാഭിനയത്തിന്റെ തുടക്കം. അതിനുശേഷം ജയരാജ് സംവിധാനം ചെയ്ത പൈതൃകം, ദേശാടനം, ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി, കാരുണ്യം എന്നിവയുൾപ്പെടെ നിരവധി സിനിമകളിലും കായംകുളം കൊച്ചുണ്ണി, അഭിനേത്രി, സമദൂരം എന്നിവയുൾപ്പെടെയുള്ള ചില സീരിയലുകളിലും മോഹനകൃഷ്ണൻ അഭിനയിച്ചു. അപ്പോത്തിക്കിരി -ആണ് മോഹനകൃഷ്ണൻ അഭിനയിച്ച അവസാന ചിത്രം. മേഴത്തൂരിലെ കലാ-സാംസ്‌കാരിക മണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന മോഹനകൃഷ്ണന്‍ അപ്പോത്തിക്കിരി സിനിമയ്ക്ക് ശേഷം പക്ഷാഘാതം വന്ന് ശയ്യാവലംബിയായ മോഹനകൃഷ്ണൻ 2024 ഏപ്രിൽ 25 -ന് അന്തരിച്ചു.
തൃത്താല ഹൈസ്കൂളിലെ മുൻ അധ്യാപിക ശോഭനയാണ് മോഹനകൃഷ്ണന്റെ ഭാര്യ. മക്കൾ: ഹരികൃഷ്ണൻ, അപർണ്ണ.