മാവേലിക്കര രാമചന്ദ്രൻ
സിംഗപ്പൂരിലാണ് രാമചന്ദ്രൻ ജനിച്ചത്, ജനിച്ച് ഒരു മാസം തികയുംമുമ്പേ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം അച്ഛൻ കേശവപിള്ള സിംഗപ്പൂരിലെ വാസം മതിയാക്കി കുടുംബവീടായ മാവേലിക്കര പച്ചടിക്കാവിലേക്ക് മടങ്ങി വന്നു. ഡല്‍ഹി ആകാശവാണിയില്‍ ആയിരുന്നു ജോലി, അദ്ദേഹത്തിന്റെ മയൂർ വിഹാറിലെ ആകാശ് ഭാരതി അപ്പാർറ്റ്മെന്റ് ഡൽഹിയിലെത്തുന്ന എഴുത്തുകാർക്കും സിനിമാസംവിധായർക്കും രാഷ്ട്രീയക്കാർക്കുമൊക്കയായി തുറന്നു കിടന്നു. പ്രഗല്ഭരായ ഒട്ടേറെപ്പേരോട് ഒരു കാലത്ത് അടുത്ത വ്യക്തിബന്ധമുള്ള ആളായിരുന്നു രാമചന്ദ്രൻ. മുൻ രാഷ്ട്രപതി കെ ആർ നാരായണൻ, കെ കരുണാകരൻ,ഇ കെ നായനാർ, എ കെ ആന്റണി, ടി കെ രാമകൃഷ്ണൻ...
ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം നേടിയ ആളാണ് രാമചന്ദ്രൻ. സിനിമയായിരുന്നു രാമചന്ദ്രന്റെ മറ്റൊരു ദൗർബല്യം, രാമു കാര്യാട്ടുമായും അരവിന്ദനുമായി അടൂർ ഗോപാലകൃഷ്ണനുമായും പത്മരാജനുമായും ഷാജി എൻ കരുണുമായും ടി വി ചന്ദ്രനുമായുമൊക്കെ അദ്ദേഹം സൌഹൃദം സ്ഥാപിച്ചു. കഥാപുരുഷൻ, മുഖാമുഖം, വിധേയൻ, എലിപ്പത്തായം, ഒരിടത്തൊരു ഫയൽവാൻ, എനിക്ക് വിശക്കുന്നു, ഇന്നലെ, കുട്ടിസ്രാങ്ക് തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഹ്രസ്വമെങ്കിലും ശക്തമായ കഥാപാത്രങ്ങൾ ചെയ്തു. മികച്ച മലയാള ചിത്രങ്ങളെക്കുറിച്ച് രാമചന്ദ്രൻ ഇന്ത്യൻ എക്സ്പ്രസ്സിലും നാഷണൽ ഹെറാൾഡിലും കോളങ്ങൾ എഴുതിയിരുന്നു. കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗമായും അദ്ദേഹം കുറച്ചുകാലം സേവനമനുഷ്ഠിച്ചു.കേരള സര്‍ക്കാര്‍ കള്‍ച്ചറല്‍ പബ്ലിക് അഡ്വൈസറി ബോര്‍ഡ് മെമ്പര്‍, ചലച്ചിത്ര അക്കാദമി അംഗം എന്നീ നിലകളിലും സിനിമ, നാടകം എന്നിവയുടെ ജൂറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമകളിൽ മാത്രമല്ല സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് .
പിൽക്കാലത്ത് ചികിത്സാപ്പിഴവുകൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിനു ബലക്ഷയമുണ്ടായി, ഒരു ചെവിക്ക് കേൾവിയും നഷ്ടപ്പെട്ടു. റിട്ടയർചെയ്ത ശേഷം കുറച്ചുനാൾ മാവേലിക്കര കുടുംബവീട്ടിൽ അനന്തരവന്റെ കൂടെയായിരുന്നു താമസം, 2008-ൽ തിരുവനന്തപുരത്ത് താമസം തുടങ്ങി. 2012 സപ്തബർ 29-നു തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മുംബൈയിലേക്ക് വണ്ടികയറി.അവിടെവെച്ച് അദ്ദേഹം അന്നത്തെ മഹാരാഷ്ട്ര ഗവർണർ കെ ശങ്കരനാരായണനെ കണ്ടിരുന്നു.പിന്നീട് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.
അവലംബം : മാതൃഭൂമി ദിനപത്രം