മാസ്റ്റർ ശേഖർ
വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ ഛായാഗ്രാഹകനായിരുന്ന തമിഴ്നാട്ടുകാരനായ J G വിജയത്തിന്റെ മകനാണ് ശേഖർ. 1968 -ലാണ് ശേഖർ ബാലതാരമായി സിനിമാഭിനയ രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. കുടിയിരുന്ത കോവിൽ, ഒളിവിളക്ക്, രാജാ, മണിപ്പയൽ,അഗസ്ത്യർ, ഇദയവീണൈ.. തുടങ്ങി മുപ്പതോളം ചിത്രങ്ങളിലൂടെ മാസ്റ്റർ ശേഖർ ഒരുകാലത്ത് തമിഴകത്തെ ഏറ്റവും പ്രശസ്തിയുള്ള ബാലതാരമായി തിളങ്ങിനിന്നു. കുടിയിരുന്ത കോയിൽ,ഇദയവീണ തുടങ്ങിയ ചിത്രങ്ങളിൽ എം ജി ആറിന്റെ ബാല്യകാലം അവതരിപ്പിച്ചതിനാൽ മാസ്റ്റർ ശേഖറിനെ പലരും സ്നേഹപൂർവ്വം ചിന്ന എം ജി ആർ എന്ന് വിശേഷിപ്പിച്ചിരുന്നു.
മനോരമ വാരികയിലൂടെ പ്രശസ്തമായ ടോംസിന്റെ ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പര 1971 -ൽ അതേപേരിൽ ശശികുമാർ ചലച്ചിത്രമാക്കിയപ്പോൾ ബോബൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശേഖർ മലയാളത്തിലുമെത്തി. എ. വിൻസന്റ് സംവിധാനം ചെയ്ത ആഭിജാത്യം ആയിരുന്നു ശേഖറിന്റെ രണ്ടാമത്തെ മലയാള ചിത്രം. 1971 -ൽ മയിലാടുംകുന്ന് എന്ന സിനിമയിൽ പ്രേംനസീറിന്റെ ബാല്യകാലം അവതരിപ്പിച്ചു. "മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ... എന്ന ഗാനരംഗത്തിൽ ശോഭയോടൊപ്പം ശേഖറാണ് അഭിനയിച്ചിരിക്കുന്നത്. പിന്നീട് 1975 -ൽ പി എൻ മേനോൻ സംവിധാനം ചെയ്ത ഓടക്കുഴൽ എന്ന ചിത്രത്തിൽ കൗമാരക്കാരനായിട്ടാണ് ശേഖറിനെ മലയാള സിനിമയിൽ കാണുന്നത്. മലയാളത്തിൽ നിർമ്മിക്കപ്പെട്ട് തെന്നിന്ത്യയെമ്പാടും വിജയമായി മാറിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിൽ ടൈറ്റിൽ റോൾ ചെയ്തത് ശേഖർ ആയിരുന്നു.(അയ്യപ്പന്റെ ബാല്യകാലം മാസ്റ്റർ രഘുവും, കൗമാരകാലം ശേഖറും അവതരിപ്പിച്ചു.). അതിനുശേഷം ചോറ്റാനിക്കര അമ്മ, ആയിരം ജന്മങ്ങൾ, മോഹിനിയാട്ടം, കാന്തവലയം.... എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ശ്രീകുമാരൻതമ്പിയുടെ മോഹിനിയാട്ടത്തിൽ വിധുബാലയുടെ മകൻ ചിന്തുവായി വന്നതും, IV ശശിയുടെ കാന്തവലയത്തിൽ ബേബി സുമതിയുടെ (മുതിർന്ന സുമതി) കാമുകൻ മെക്കാനിക്കായി വന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓടക്കുഴലിലെ "നാലില്ലം നല്ല നടുമുറ്റം..., ആയിരം ജന്മങ്ങളിലെ വിളിക്കുന്നു "വിളിക്കുന്നു കണ്ണുകൾ...തുടങ്ങിയ ഗാനരംഗങ്ങളിൽ ശേഖറാണുള്ളത്.
തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുള്ള ശേഖർ, ശ്രീധർ സംവിധാനം ചെയ്ത ഓ മഞ്ചു എന്ന തമിഴ് ചിത്രത്തിൽ നായകനായിരുന്നു. ശിവാജി ഗണേശന്റെ കവരിമാൻ എന്ന ചിത്രത്തിൽ ശ്രീദേവിയുടെ കാമുകനായുള്ള നെഗറ്റീവ് വേഷവും ശ്രദ്ധിക്കപ്പെട്ടു. ശിവകുമാറിനെ കേന്ദ്രകഥാപാത്രമാക്കി K S സേതുമാധവൻ സംവിധാനം ചെയ്ത് ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട മറുപക്കം എന്ന തമിഴ് ചിത്രത്തിലും ശേഖർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ശേഖർ ടെലിവിഷൻ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. തൊണ്ണൂറുകളിൽ തമിഴ് സീരിയൽ രംഗത്ത് ഏറെ തിരക്കുള്ള നടനായിരുന്നു ഇദ്ദേഹം.
2003 ജൂലായ് 8 -ന് വീടിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ശേഖർ അന്തരിച്ചു.
ശേഖറിന്റെ ഭാര്യ സുജാത. മക്കൾ നാഗാർജ്ജുൻ, അജയ്.