എ കെ സുകുമാരൻ

A K Sukumaran
Date of Death: 
Thursday, 17 May, 2018
ആലപിച്ച ഗാനങ്ങൾ: 6

1938 -ൽ കണ്ണൂർ ജില്ലയിലെ തളാപ്പിൽ ജനിച്ചു. 1954 -ൽ കോഴിക്കോട് ആകാശവാണിയില്‍ ആദ്യമായി പാടിക്കൊണ്ട് എ കെ സുകുമാരൻ തന്റെ സംഗീത ജീവിതത്തിന് തുടക്കമിട്ടു. 1956 -ല്‍ എച്ച്.എം.വി. ആര്‍ട്ടിസ്റ്റായ എ കെ സുകുമാരന്റെ റെക്കോഡുകള്‍ക്ക് കേരളത്തില്‍ അക്കാലത്ത് ആരാധകര്‍ ഏറെയുണ്ടായിരുന്നു. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തില്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രൊഫഷണല്‍/അമെച്ചര്‍ നാടകങ്ങളിൽ പാടിയ അദ്ധേഹം കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ബാബുരാജ്, എ.ടി. ഉമ്മര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ വേദികളില്‍ പാടിയിട്ടുണ്ട്.. ബാബുരാജിന്റെ സംഗീത സംവിധാനത്തിൽ കടത്തുകാരൻ എന്ന സിനിമയിൽ എസ് ജാനകിയോടൊപ്പം "മണിമുകിലേ മണിമുകിലേ... എന്ന ഗാനം പാടിക്കൊണ്ടാണ് എ കെ സുകുമാരൻ ചലച്ചിത്രഗാന രംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം ജന്മഭൂമികുഞ്ഞാലിമരയ്ക്കാർതളിരുകൾ എന്നീ ചിത്രങ്ങളിൽക്കൂടി പാടി.  ഒരുകാലത്ത് ഗാനമേള വേദികളിലെ നിറസാന്നിധ്യമായിരുന്ന സുകുമാരൻ സിനിമാപാട്ടുകളെക്കാള്‍ തിളങ്ങിയത് ലളിതഗാന ശാഖയിലാണ്. 22 ഗാനങ്ങള്‍ എച്ച്.എം.വി.യില്‍ റെക്കോഡ് ചെയ്ത് പുറത്തിറക്കി.

കേരളത്തിനകത്തും പുറത്തുമായി ആയിരത്തിലധികം വേദികളില്‍ ഗാനമേളകള്‍ അവതരിപ്പിച്ച എ കെ സുകുമാരൻ 1980 മുതല്‍ 16 വര്‍ഷത്തോളം സൗദി അറേബ്യയിലായിരുന്നു. അവിടെ വെച്ച് അദ്ധേഹത്തിന്റെ ശബ്ദനാളിക്ക് 1990 -ല്‍ അസുഖം ബാധിക്കുകയും പാടുവാനുള്ള ശബ്ദം നഷ്ടപ്പെടുകയും ചെയ്തു. പിന്നെ കുറേക്കാലം പാടാനാവാതെയിരുന്ന സുകുമാരന് പിന്നീട് 1999 -ല്‍ ശസ്ത്രക്രിയക്ക് ശേഷമാണ് ശബ്ദം തിരിച്ചുകിട്ടുന്നത്. സംഗീതനാടക അക്കാദമി / യു.എ.ഇ. ഫുജ്‌റ ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ / പാലക്കാട് സ്വരലയ / വടകര മ്യുസീഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങൾ അദ്ധേഹത്തിന് ലഭിച്ചിട്ടുണ്ട്. 2018 -ൽ എ കെ സുകുമാരൻ വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ അന്തരിച്ചു.