മണ്ണാങ്കട്ടയും കരിയിലയും

Mannankattayum Kariyilayum
തിരക്കഥ: 
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 18 August, 2017

അരുൺ സാഗര സംവിധാനം ചെയ്ത മണ്ണാങ്കട്ടയും കരിയിലയും എന്ന സിനിമയിലൂടെ പ്രേക്ഷകരെ നിരാശപ്പെടുത്താത്ത ജീവിതഗന്ധിയായ ഒരു കഥയാണ് പറയുന്നത്.

വാണിജ്യ സിനിമകൾ കാണാതെ പോകുന്ന ചില സത്യസന്ധമായ കാഴ്ച്ചകളാണ് ഈ സിനിമ നമുക്ക് കാണിച്ചുതരുന്നത്. സിനിമ തുടങ്ങുമ്പോൾ നായകനായ ജോബി പോലീസ് സ്റ്റേഷനിലാണ്. ഏതോ ഒരു കേസ് അദ്ദേഹത്തിന്റെ പേരിൽ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തുടർന്ന് അദ്ദേഹം ജയിലിൽ വെച്ച് തന്റെ കഴിഞ്ഞകാലങ്ങളിലേക്ക് സഞ്ചരിക്കുകയാണ്.

കുട്ടയും മുറവും നെയ്യുന്ന ബാലൻ (ജോബി) പൊക്കമില്ലാത്തതിന്നാൽ വിവാഹം കഴിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് സുനിത (ശ്രിന്ദ അർഹാൻ) കടന്നുവരുന്നു. പിന്നീട് കരിയില കാറ്റത്ത് പറന്നു പോകാതിരിക്കാൻ മണ്ണാങ്കട്ട താങ്ങായതുപോലെ ബാലന്റെ ജീവിതത്തിലെ കൈത്താങ്ങായി സുനിത. അവരുടെ ജീവിതത്തിലേക്ക് മകൾ കൂടി വന്നതോടെ പുതിയ പ്രതീക്ഷകൾ കൈവരുന്നു.

എന്നാൽ പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട് അവരുടെ ജീവിതത്തിലേക്ക് രോഗമെന്നവില്ലൻ സുനിതയിലൂടെ കടന്നുവരുന്നു. ഭാര്യയുടെ ജീവൻ രക്ഷിക്കാൻ ആകെയുള്ള അവരുടെ കൊച്ചുവീട് പണയം വെക്കേണ്ടിവരുന്നു. എന്നാൽ സുനിതയെ രക്ഷിക്കാൻ ആയില്ല. തുടർന്ന് വാങ്ങിയ പണം തിരിച്ചടക്കാനാവാതെ വന്നതിനാൽ ആ വീട് അവർക്ക് നഷ്ടപ്പെടുന്നു. പിന്നെ ബാലനും മകളും ( സാന്ദ്ര ജോസഫ്) പുറമ്പോക്കിൽ ഇന്ദ്രൻസിനൊപ്പം താമസം തുടങ്ങുന്നു. അവിടെയും അവരുടെ ജീവിതത്തിൽ വില്ലനെത്തുന്നു. ഇപ്രാവശ്യവും വില്ലൻ രോഗം തന്നെയാണെങ്കിലും വരുന്നത് മകൾക്കാണ്. താമസിയാതെ ഇന്ദ്രൻസ് മരിക്കുന്നു.

തുടർന്ന് ശാന്തകുമാരിയുടെ വീട്ടിൽ അഭയം തേടുന്നു. അവർക്ക് ബുദ്ധിക്ക് സ്ഥിരതയില്ലാത്ത ഒരു മകനുണ്ട് ഈ കഥാപാത്രം ചെയ്തിരിക്കുന്നത് സംവിധായകൻ അരുൺസാഗര തന്നെയാണ്. വീട്ടിലാത്തവർക്ക് വീടുവെച്ച് കിട്ടുവാൻ വില്ലേജ് ഓഫീസിലെത്തുന്ന ജോബിയെ സഹായിക്കാൻ അവിടെ പ്യൂണായി ജോലിനോക്കുന്ന നെൽസണിന്റെ കഥാപാത്രം കൈകൂലി വാങ്ങുന്നുണ്ട്. പിന്നീട് ഇത് നിരുത്സാഹപ്പെടുത്തുന്നുണ്ട് സൈജു കുറുപ്പ് ചെയ്യുന്ന വില്ലേജ് ഓഫീസർ എന്ന കഥാപാത്രം.

രക്ഷകന്റെ റോളിലെത്തുന്ന ഡോക്ടർ ഷൈൻ ടോം ചാക്കോ ആ മകളെ നശിപ്പിച്ച് കൊലപ്പെടുത്തുന്നു. തുടർന്ന് ഇതൊന്നും അറിയാത്തവനെപ്പോലെ സമാധാനദൂതനായി അവിടെ എത്തുന്ന ഡോക്ടറെ അരുൺസാഗര തലക്കടിച്ച് കൊല്ലുന്നുണ്ട്. ഈ കൊലപാതകമാണ് സിനിമയുടെ തുടക്കത്തിൽ പേരിൽ കെട്ടിവെക്കാൻ പോലീസ് ശ്രമിക്കുന്നത്. അവസാനം എല്ലാം നഷ്ട്ടപ്പെട്ട അദ്ദേഹം ആ കൊലപാതകം ഏറ്റെടുക്കുന്നു. ഇതോടെ ഈ സിനിമക്ക് പരിസമാപ്തി കുറിക്കുന്നു.

ജോബി എന്ന നടൻ അക്ഷരാർഥത്തിൽ അതിശയിപ്പിച്ചു എന്നു തന്നെ പറയണം. പ്രതീക്ഷയോടെയുള്ള ജീവിതം/മകളോടുള്ള സ്നേഹം/അലച്ചിലുകള്‍ എല്ലാം ജോബി റിയലിസ്റ്റിക്കായി അഭിനയിച്ചിട്ടുണ്ട്. ജോബിയുടെ സിനിമാജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രം തന്നെയാണ് ബാലൻ എന്ന് പറയാം. അതുപോലെ ഇന്ദ്രൻസിന്റെ അഭിനയവും എടുത്ത് പറയേണ്ടതാണ്.

അഭിനയിച്ച ഓരോരുത്തരും അവരരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. നമുക്കും ചുറ്റുംകാണുന്നവരാണ് ഇവരെല്ലാമെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകും. പലപ്പോഴും സമകാലീന സിനിമകൾ മറന്നുപോകുന്ന പട്ടിണിയെന്ന നഗ്നസത്യവും അതിന്റെ യാഥാർഥ്യങ്ങളും ദരിദ്രന്റെ നൊമ്പരങ്ങളും ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്ന ഈ ചിത്രം കുടുംബസമേതം കണ്ടിരിക്കേണ്ട മികച്ച സിനിമ കൂടിയാണ്.

Mannamkattayum Kariyilayum Official teaser | Shine Tom Chacko & Saiju Kurup|Directed by Arun Sagara