ബിയോണ്ട് ദി സെവൻ സീസ്
റിലീസിന് മുൻപേ തന്നെ ലോക റെക്കോർഡ് സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു മലയാള ചലച്ചിത്രം. 'ഓൾ സ്മൈൽസ് ഡ്രീം മൂവീസ്' ബാനറിൽ ഡോക്ടർ ടൈറ്റസ് പീറ്റർ നിർമിച്ച് പ്രതീഷ് ഉത്തമൻ, ഡോക്ടർ സ്മൈലി ടൈറ്റസ് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത (Beyond the Seven Seas) എന്ന ചിത്രമാണ് ഈ റെക്കോർഡ് പദവി സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചുകൊണ്ട് റിലീസിനായി ഒരുങ്ങുന്നത്. ഏറ്റവുമധികം ഡോക്ടർമാർ അണിയറയിൽ പ്രവർത്തിച്ച ചലച്ചിത്രം എന്ന ലോക റെക്കോർഡ് നേട്ടമാണ് അറേബ്യൻ ബുക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഈ ചിത്രത്തിന് ഇടം പിടിക്കാൻ കാരണമായത്. ഇരുപത്തിയാറ് ഡോക്ടർമാർ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.
ഫാൻ്റസി-ഹൊറർ-മിസ്റ്ററി ഗണത്തിൽ പെടുന്ന ഈ ചിത്രം, കേരളത്തിലും അയർലാൻഡിലുമായി ബന്ധിക്കപ്പെട്ടു കിടക്കുന്ന 400 വർഷത്തെ ചരിത്രമുള്ള പുനർജന്മത്തിൻ്റെയും നിഗൂഢശക്തികളുടെയും ചിരഞ്ജീവികളുടേയും പശ്ചാത്തലത്തിൽ അകപ്പെടുന്ന ഒരു പതിനഞ്ച് വയസ്സുകാരൻ്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്.