ധന്യ അനന്യ

Dhanya Ananya

ചുരുക്കം വേഷങ്ങള്‍കൊണ്ട് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയെടുത്ത നടിയാണ് അനന്യ. ലാല്‍ ജോസ് സംവിധാനം ചെയ്ത 41 എന്ന ചിത്രത്തിലെ സുമ എന്ന കഥാപാത്രവും സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസുകാരി ജെസ്സി എന്ന കഥാപാത്രവും ആണ് ശ്രദ്ധേയം.

കൊട്ടാരക്കര മൂഴിക്കോട് സ്വദേശിയായ ധന്യ, രാധാകൃഷ്ണൻ-ശൈലജ ദമ്പതികളുടെ മകളാണ്. അച്ഛന് ജോലി കേരളത്തിന് പുറത്തായിരുന്നതിനാല്‍ യു പിയിലെ മീററ്റിലാണ് ധന്യ ജനിച്ചുവളർന്നത്. ഏഴാം ക്ലാസ് കഴിഞ്ഞപ്പോഴാണ് ധന്യ നാട്ടിലേക്കെത്തിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ജേണലിസം പഠിച്ചിരുന്ന സമയത്ത് ധന്യ ഒരു ഹ്രസ്വചിത്രത്തിൽ അഭിനയിച്ചിരുന്നു. ശേഷം ചില മ്യൂസിക് വീഡിയോകളും ചെയ്തിരുന്നു. നാടകത്തോട് ഏറെ താൽപര്യം ഉണ്ടായിരുന്നു. അങ്ങനെ കാലടി ശ്രീ ശങ്കര സർവ്വകലാശാലയിൽ എംഎ തീയേറ്റർ ആൻഡ് ഡ്രാമയ്ക്ക് ചേർന്നു. നാടക പഠനസമയത്ത് ധന്യ ചില സ്വതന്ത്ര സിനിമാ സംരംഭങ്ങളുടെ ഭാഗമായി. അതോടൊപ്പം കോളേജിൽ നാടകങ്ങളിലും അഭിനയിച്ചു. പഠനകാലയളവിൽ നാടകം സംവിധാനം ചെയ്യാനുമൊക്കെ അവസരം ലഭിച്ചു. കൊച്ചി ബിനാലെ കാലത്ത് ചിൽഡ്രൻസ് തീയേറ്ററിൽ ഭാഗമായി. ആയിടയ്ക്ക് ഇറാനിയൻ-ഒറിയൻ സംയുക്ത സംരംഭമായി ഒരുക്കിയ ചെക്ക് പോസ്റ്റ് എന്ന ഹിന്ദി സിനിമയിൽ ഒരു വേഷം ലഭിച്ചു. തിരക്കഥാകൃത്തായ ഗോപൻ ചിദംബരം മാഷ് ഒരുക്കിയ തുറമുഖം എന്ന നാടകത്തിൽ മൂന്ന് സ്ത്രീ കഥാപാത്രങ്ങളിൽ ഒരാളായി വേഷം ചെയ്തിരുന്നു. അന്ന് നാടകത്തിനായെടുത്ത ചില സ്റ്റില്ലുകൾ നാല്പത്തിയൊന്ന് തിരക്കഥയൊരുക്കിയ പ്രഗീഷ് കാണുകയുണ്ടായി. അങ്ങനെ ആണ് മലയാളസിനിമയില്‍ അരങ്ങേറുന്നത്.