ആശിഷ് വിദ്യാർത്ഥി

Ashish Vidyarthi

ഇന്ത്യൻ ചലച്ചിത്ര നടൻ. 1962 ജൂൺ 19 ന് കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് റേബ വിദ്യാർത്ഥിയുടെയും കഥക് ഗുരു ഗോവിന്ദ് വിദ്യാർത്ഥിയുടെയും മകനായി ജനിച്ചു. ന്യൂഡൽഹിയിലെ ശിവ നികേതൻ സ്ക്കൂൾ, ഭാരതീയ വിദ്യാഭവൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ആശിഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1983 ൽ ഡൽഹി ഹിന്ദു കോളേജിൽ അദ്ദേഹം ചരിത്ര ബിരുദ പഠനത്തിന് ചേർന്നു. കോളേജ് പഠനകാലത്ത് ആശിഷ് സംഭവ് എന്ന തിയ്യേറ്റർ ഗ്രൂപ്പിൽ ചേർന്നു. അവിടെനിന്നും അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചു. തുടർന്ന് അദ്ദേഹം നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. വേറെയും ചില തിയ്യേറ്റർ ഗ്രൂപ്പുകളിൽ ആശിഷ് പ്രവർത്തിച്ചിരുന്നു.

 ആശിഷിന്റെ ആദ്യ ചിത്രം കന്നഡയിലായിരുന്നു. 1986 ൽ ആനന്ദ് എന്ന കന്നഡ ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യം അഭിനയിച്ചത്. 1991 ൽ കാൽ സന്ധ്യ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചു.  സിനിമാ മോഹവുമായി ആശിഷ് വിദ്യാർത്ഥി 1992 ൽ മുംബൈയിലേയ്ക്ക് താമസം മാറ്റി. 1993 ൽ സർദാർ എന്ന ഹിന്ദി ചിത്രത്തിൽ വി പി മേനോനായി അദ്ദേഹം അഭിനയിച്ചു. തുടർന്ന് ദ്രോഹ്കാൽ, 1942 എ ലൗവ് സ്റ്റോറി സോൾജിയർ, റഫ്യൂജി, കഹോന പ്യാർ ഹെ.. എന്നിവയുൾപ്പെടെ എഴുപതിലധികം ഹിന്ദി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2002 രാമചന്ദ്ര എന്ന ചിത്രത്തിലൂടെയാണ് ആശിഷ് വിദ്യാർത്ഥി തമിഴിൽ തുടക്കമിടുന്നത്. തുടർന്ന് ഈ, കന്ത സാമി, ഉത്തമ പുത്തിരൻ,  യെന്നെ അറിന്താൽ.. എന്നിവയുൾപ്പെടെയുള്ള തമിഴ് സിനിമകളിലും, നിരവധി തെലുങ്കു, കന്നഡ ചിത്രങ്ങളിലും ആശിഷ് വിദ്യാർത്ഥി അഭിനയിച്ചിട്ടുണ്ട്.

2003 ൽ ദിലീപ് നായകനായ സി ഐ ഡി മൂസ എന്ന ചിത്രത്തിലൂടെയാണ് ആശിഷ് വിദ്യാർത്ഥി മലയാള സിനിമയിലേയ്ക്കെത്തുന്നത്. തുടർന്ന് ചെസ്സ്, ബാച്ചിലർ പാർട്ടി.. എന്നിവയുൾപ്പെടെ പത്തിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ആശിഷ് വിദ്യാർത്ഥി അഭിനയിച്ചവയിലധികവും വില്ലൻ വേഷങ്ങളായിരുന്നു.1995-ൽ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ദ്രോഹ്കൽ എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വന്തമാക്കി.

 

അവാർഡുകൾ-

1995: National Film Award for Best Supporting Actor: Drohkaal

1996: Bengal Film Journalists' Association - Best Actor Award (Hindi): Is Raat Ki Subah Nahin

1997: Star Screen Award for Best Villain: Is Raat Ki Subah Nahin

2005: Filmfare Award for Best Villain – Telugu: Athanokkade

2012: Nandi Award for Best Character Actor: Minugurulu