വിഷ്ണുപ്രിയ

Vishnupriya

 ആലപ്പുഴ സ്വദേശിനിയായ വിഷ്ണുപ്രിയ 1987 ഫെബ്രുവരിയിൽ ബഹറിനിൽ ജനിച്ചു. ബഹറിൻ ഇന്ത്യൻ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയതിനുശേഷം The Birla Institute of Technology International Centre-ൽ നിന്നും ബി ബി എ കഴിഞ്ഞു. ചെറിയ പ്രായത്തിലെ നൃത്തപഠനം തുടങ്ങിയ വിഷ്ണുപ്രിയ സ്കൂൾ പഠനകാലത്ത് നൃത്ത മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിരുന്നു. നൃത്തം കൂടാതെ നാടകങ്ങളിലും അഭിനയിച്ചിരുന്നു. 

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്ത തകധിമി എന്ന ഡാൻസ് റിയാലിറ്റിഷോയിൽ പങ്കെടുത്തതോടെയാണ് വിഷ്ണുപ്രിയ ശ്രദ്ധിയ്ക്കപ്പെടുന്നത്. അത് സിനിമയിലേയ്ക്ക് വരുവാൻ സഹായകരമായി. 2006- ൽ രാത്രിമഴ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് അഭിനയത്തിന് തുടക്കമിടുന്നത്. 2007-ൽ സ്പീഡ് ട്രാക്ക് എന്ന സിനിമയിൽ അഭിനയിച്ചു. 2009-ൽ കേരളോത്സവം എന്ന ചിത്രത്തിൽ നായികയായി. മകരമഞ്ഞ്, കമ്മത്ത് & കമ്മത്ത് എന്നിവയുൾപ്പെടെ പന്ത്രണ്ട് മലയാള ചിത്രങ്ങളിലും  Naanga, V1 എന്നീ രണ്ട് തമിഴ് ചിത്രങ്ങളിലും വിഷ്ണുപ്രിയ അഭിനയിച്ചു.

2019 ജൂണിൽ വിഷ്ണുപ്രിയ വിവാഹിതയായി. നിർമ്മാതാവും സംവിധായകനുമായ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയനായിരുന്നു വരൻ.