തൃശ്ശൂർ ചന്ദ്രൻ
പെഴുംകാട്ടിൽ നാരായണൻ നായരുടേയും പട്ട്യാത്ത് കുഞ്ഞുലക്ഷ്മി അമ്മയുടേയും മകനായി 1962 -ൽ തൃശ്ശൂർ ജില്ലയിലെ പട്ടത്തിക്കോട് ജനിച്ചു. നാടക വേദികളിലൂടെയാണ് ചന്ദ്രൻ പി മേനോൻ കലാരംഗത്തേയ്ക്കെത്തുന്നത്. കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി, മാനിഷാദ എന്നീ ട്രൂപ്പുകളുടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ചു. നടന്‍ രാജന്‍ പി. ദേവിനൊപ്പവും നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 'വെനീസിലെ വ്യാപാരി' എന്ന നാടകത്തിനെ അഭിനയത്തിന് മികച്ച നടനുള്ള 2002 -ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരം തൃശ്ശൂർ ചന്ദ്രന് ലഭിച്ചിരുന്നു.
കലാനിലയത്തിന്‍റെ ഒരു നാടകത്തിലെ തൃശ്ശൂർ ചന്ദ്രന്റെ പ്രകടനം കണ്ടാണ് സത്യൻ അന്തിക്കാട് തന്റെ സിനിമയിലേയ്ക്ക് ക്ഷണിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ ആയിരുന്നു തൃശ്ശൂർ ചന്ദ്രന്റെ ആദ്യ സിനിമ. തുടർന്ന് രസതന്ത്രം, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം എന്നീ സത്യൻ അന്തിക്കാട് സിനിമകളിലും തന്മാത്ര, കേരളവർമ്മ പഴശ്ശിരാജ, മഞ്ചാടിക്കുരു എന്നിവയുൾപ്പെടെ ഇരുപതോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തോടയം എന്ന സീരിയലിലെ തൃശ്ശൂർ ചന്ദ്രന്റെ വേഷം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2021 -ൽ അസുഖ ബാധിതനായി അദ്ദേഹം അന്തരിച്ചു.
തൃശ്ശൂർ ചന്ദ്രന്റെ ഭാര്യ വിജയലക്ഷ്മി. മക്കൾ വിനീഷ്, സൗമ്യ.