ശ്രീജിത്ത് ബാബു
“അറ്റൻഷൻ പ്ലീസ്” എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീജിത് ബാബു.
1987 ഒക്റ്റോബർ 13ന് തിരുവനന്തപുരത്ത് ജനിച്ചു. ജി എസ് ബാബു, ദേവി എന്നിവരാണ് മാതാപിതാക്കൾ. കുന്നുമ്പുറം ചിന്മയ വിദ്യാലയത്തിലും മുക്കോലയ്ക്കൽ സെന്റ് തോമസ് സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടി എഞ്ചിനീയറായി. പക്ഷേ, കുട്ടിക്കാലം മുതൽ മനസ്സിൽ സിനിമ ഉറച്ച ലക്ഷ്യമായിരുന്നതുകാരണം മികച്ച ജോലി ഉപേക്ഷിച്ച് സിനിമക്കായി അന്വേഷണങ്ങൾ തുടങ്ങി.
സത്യത്തിൽ ശ്രീജിത് ബാബു കുട്ടിക്കാലത്തേ സിനിമയിലെത്തിയ ആളാണ്. 1994ൽ തന്റെ ഏഴാം വയസ്സിൽ "കുലപതി" എന്ന ചിത്രത്തിൽ നായകന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ശ്രീജിത്ത് ബാബുവിന്റെ തുടക്കം. ജോലി ഉപേക്ഷിച്ച് ധാരാളം ഓഡിഷനുകൾ വഴി സിനിമകളിലേക്കുള്ള ശ്രമം തുടങ്ങി. സമാന്തരമായി സ്വയം ഷോർട്ട് ഫിലിമുകളും വെബ് സീരീസുകളും എഴുതിയും സംവിധാനം ചെയ്തും അഭിനയിച്ചും രംഗത്ത് തുടർന്നു. 'നോൺസെൻസ്', 'ഡപ്പാങ്കൂത്ത്', 'കിളി' തുടങ്ങിയവ അവയിൽ ചിലതാണ്.
ഫ്ലവേഴ്സ് ചാനലിൽ മാതൃദിന സ്പെഷലായി വന്ന് വൈറലായ സ്കെച്ച് "ഇത് തങ്കമ്മയല്ല(തങ്കം പോലത്തെ അമ്മ)", വനിതാ ദിനത്തിൽ ഇറങ്ങിയ സ്കെച്ച് തുടങ്ങിയവ എഴുതിയതും നായകാനായതും ശ്രീജിത്ത് ബാബുവിന് വഴിത്തിരിവായി.
2018-ൽ "ലില്ലി" എന്ന ചിത്രത്തിൽ മൊബെയിൽ ഷോപ് ഉടമസ്ഥന്റെ വേഷത്തിൽ ശ്രീജിത് ബാബു വീണ്ടും സിനിമയിലേക്ക് തന്നെ എത്തി. 2019ൽ "സ്റ്റാൻഡ് അപ്പ്"ൽ കോൺസ്റ്റബിളായി. 2020ൽ "കള്ളനോട്ട"ത്തിൽ ഗുണ്ടയായും രാഹുൽ റിജി നായർ സംവിധാനം ചെയ്ത "Survival Stories” എന്ന ആന്തോളജി സിനിമയിൽ മാവോയിസ്റ്റായും ശ്രീജിത് ബാബു അഭിനയിച്ചു. 2021ൽ "ഖോ ഖോ", "നിഴൽ", "അറ്റൻഷൻ പ്ലീസ്" എന്നിവയും 2022ൽ "കീടം", കൃഷാന്ദ് സംവിധാനം ചെയ്ത "ആവാസവ്യൂഹം" എന്നിവയുമാണ് സിനിമകൾ.
2022ൽ നിരവധി സംസ്ഥാന സിനിമാ അവാർഡുകൾ നേടിയ കൃഷാന്ദിന്റെ തന്നെ പുതിയ സിനിമയിലും ജോർജ്ജ് കോരയുടെ "തോൽവി എഫ് സി"യിലും ശ്രീജിത് ബാബു അഭിനയിക്കുന്നുണ്ട്.
മലയാളികൾ സിനിമകളെപ്പോലെ സ്വീകരിക്കുന്ന "കരിക്ക്" ടീമിന്റെ "സർക്കസ്" എപ്പിസോഡുകളിൽ സിനിമാപ്രാന്തനായ പോലീസുകാരനായി വന്നതും ശ്രീജിത് ബാബുവാണ്. ദൃശ്യയാണ് ഭാര്യ.
തിരുവനന്തപുരത്ത് ഈഞ്ചയ്ക്കലിനടുത്ത് താമസിക്കുന്ന ശ്രീജിത് ബാബുവിന്റെ അനുജൻ ശ്രീനാഥ് ബാബുവും സിനിമാനടനാണ്.
ഈ മെയിൽ: sreejith.inbox@gmail.com