ആർ ശരത്കുമാർ

Sarathkumar

തെന്നിന്ത്യൻ ചലച്ചിത്ര നടൻ.. 1954 ജൂലൈ 14 ന് ന്യൂഡൽഹിയിലെ ഒരു തമിഴ് ഫാമിലിയിൽ രാമനാഥൻടെയും പുഷ്പലീലയുടെയും മകനായി ജനിച്ചു. ശരത്കുമാറിന്റെ ഫാമിലി ഡൽഹിയിൽ നിന്നും ചെന്നൈയിലേയ്ക്ക് താമസം മാറ്റിയതിനാൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ചെന്നൈയിലായിരുന്നു.  രാജ മുത്തയ്യ ഹൈസ്ക്കൂൾ,  Indian Institute of Technology Madras ലെ സെന്ട്രൽ സ്ക്കൂൾ,  St. Patrick's Anglo Indian Higher Secondary School.  എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലയോള കോളേജ്, ദി ന്യൂ കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ തുടർവിദ്യാഭ്യാസം. പഠിയ്ക്കുന്ന സമയത്ത്  സ്പോർട്ട്സിൽ തത്പരനായിരുന്നു ശരത്കുമാർ. ഫുട്ബാൾ,ക്രിക്കറ്റ്,ഹോക്കി.. എന്നിവയിൽ സ്ക്കൂളിനെയും കോളേജിനേയും പ്രതിനിധീകരിച്ച് അദ്ദേഹം പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

 ബോഡീ ബിൽഡിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശരത്കുമാർ,  ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്ത് 1974 ൽ മിസ്റ്റർ മദ്രാസ് യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. പുതുതായി പ്രസിദ്ധീകരണം തുടങ്ങിയ ദിനകരൻ എന്ന പത്രത്തിൽ ജോലിയുമായി കുറച്ചുകാലം ബാംഗ്ലൂരിൽ താമസിച്ചു. അതിനു ശേഷം ജോലി വിട്ട് അദ്ദേഹം മദ്രാസിൽ ഒരു ട്രാവലിംഗ് ഏജൻസി തുടങ്ങി. 

ശരത്കുമാർ 1986 ൽ തെലുങ്കു ചിത്രമായ Samajamlo Sthree- യിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് 1988 ൽ സിമിട്ടുനേരം എന്ന തമിഴ് സിനിമയുടെ നിർമ്മാതാവുകയും അതിൽ ഒരു വേഷം ചെയ്യുകയും ചെയ്തു. 1989 ൽ വിജയകാന്ത് നായകനായ പുലൻ വിസാരണൈ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് ശരത്കുമാർ ശ്രദ്ധിയ്ക്കപ്പെട്ടത്. തുടർന്ന് വില്ലനായും നായകനായും തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ചിത്രങ്ങൾ ചെയ്തു. 1994 മുതൽ തമിഴ് സിനിമയിലെ മുൻനിര നായകനായി മാറി.  2009 മുതൽ നായക സ്ഥാനത്തുനിന്നുമാറി അദ്ദേഹം സപ്പോർട്ടിംഗ് റോളുകൾ ചെയ്യാൻ തുടങ്ങി. 2009 ലാണ് ശരത്കുമാർ ആദ്യമായി മലയാളത്തിൽ അഭിനയിയ്ക്കുന്നത്. എം ടി - ഹരിഹരൻ - മമ്മൂട്ടി ചിത്രമായ പഴശ്ശിരാജ യിൽ എടച്ചേന കുങ്കൻ എന്ന ശക്തമായ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി. തുടർന്ന് കൃസ്ത്യൻ ബ്രദേഴ്സ്, ദി മെട്രോ.. എന്നിവയുൾപ്പെടെ ആറോളം സിനിമകളിൽ അഭിനയിച്ചു.

രാഷ്ട്രീയത്തിൽ താത്പര്യം തോന്നിയ ശരത്കുമാർ 2007 ൽ ആൾ ഇന്ത്യ സമത്വ മക്കൾ കച്ചി എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. 2011ൽ ശരത്കുമാറിന്റെ പാർട്ടി AIADMK യുമായി ചേർന്ന് മത്സരിച്ച് തെങ്കാശിയിൽ നിന്നും അദ്ദേഹം വിജയിച്ചതുൾപ്പെടെ തമിഴ് നാട് നിയമസഭയിൽ രണ്ട് സീറ്റ് നേടി. 2016 ലെ ഇലക്ഷനിൽ അദ്ദേഹം പരാജയപ്പെട്ടു. തമിഴ് വാരികയായ മീഡിയ വോയ്സിന്റെ സ്ഥാപകനാണ് ശരത്കുമാർ.

1984 ൽ ആയിരുന്നു ശരത്കുമാറിന്റെ വിവാഹം ഛായാദേവിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. രണ്ടുമക്കളാണ് ആ ബന്ധത്തിലുള്ളത്. വര ലക്ഷ്മി, പൂജ. എന്നിവർ. 2000 ത്തിൽ ഛായാദേവിയും ശരത്കുമാറും വേർപിരിഞ്ഞു.  2001 ൽ അദ്ദേഹം തന്റെ കൂടെ അഭിനയിച്ചിരുന്ന രാധികയെ വിവാഹം ചെയ്തു. അതിൽ ഒരു മകനുണ്ട് രാഹുൽ. കൂടാതെ രാധികയുടെ ആദ്യ വിവാഹത്തിലെ മകൾ റയാന്നെയും അവരോടൊപ്പമാണ്. അദ്ദേഹത്തിന്റെ മകൾ വരലക്ഷ്മി ശരത്കുമാർ തമിഴ് സിനിമകളിലെ പ്രശസ്ത നടിയാണ്.