സച്ചി
മലയാളക്കരയുടെ സ്വന്തം സച്ചി, സിനിമ പ്രേമികളുടെ സച്ചിദാനന്ദൻ.
1972 ൽ തൃശൂർ ജില്ലയിലെ കൊടുങ്ങലൂരിൽ ജനനം . നാടക കലാകാരൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ. മാല്യങ്കരയിലെ എസ്.എൻ.എം കോളേജിൽ നിന്ന് ബിരുദവും എറണാകുളത്തെ ഗവണ്മെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബിയും നേടി വിദ്യാഭ്യാസ മേഖലയിലും അദ്ദേഹം തിളങ്ങിനിന്നു. അതോടൊപ്പം 8 വർഷം കേരള ഹൈക്കോടതിയിൽ പരിശീലനവും ചെയ്തു.
കോളേജ് പഠനകാലത്ത് നിറയെ നാടകങ്ങൾ സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ അരങ്ങേറ്റം. സിനിമ മേഖലയിൽ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹത്തിന്റെ ചുവടുവെപ്പ്. സുഹൃത്തും തിരക്കഥാകൃത്തുമായ സേതുവുമായി ചേർന്നാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ചോക്ലേറ്റിന്റെ തിരക്കഥ രചിക്കുന്നത്. ജോഷി സംവിധാനം ചെയ്‍ത റോബിൻഹുഡും ഹിറ്റായതോടുകൂടി മലയാള സിനിമയിൽ അദ്ദേഹം ചുവടുറപ്പിച്ചു.
2015 ൽ പൃഥ്വിരാജ് നായകനായ അനാർക്കലി ആയിരുന്നു സച്ചി ആദ്യമായി സംവിധാനം നിർവഹിച്ച സിനിമ. അദ്ദേഹം സംവിധാനം ചെയ്‌ത രണ്ടാമത്തെ സിനിമയാണ് 2020 ൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും. ബോക്സ് ഓഫീസ് ഹിറ്റ് ആയ ഈ ചിത്രത്തിൻ്റെ കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയിൽ തൃശ്ശൂർ ജൂബിലി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2020 ജൂൺ 18 ന് അന്തരിച്ചു.