ആർ എൻ രവീന്ദ്രൻ
സംഗീത സംവിധായകൻ - ഗായകൻ
തൃശ്ശൂർ ജില്ലയിൽ വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ പൈങ്ങോട് ഗ്രാമത്തിൽ, മങ്ങാട്ടുകുന്നത് നാരായണ മേനോന്റെയും സരോജിനിയമ്മയുടെയും രണ്ടാമത്തെ മകനായി ജനനം. പൈങ്ങോട് എൽ പി സ്കൂൾ, കല്പറമ്പ് ബി വി എം ഹൈസ്ക്കൂൾ, കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജ്, ചാലക്കുടി ഗവ. ഐ ടി ഐ എന്നിവിടങ്ങളിൽ അക്കാദമിക് വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ സംഗീതം അഭ്യസിക്കുകയും ഗാനഭൂഷണം പാസ്സാവുകയും ചെയ്തു.
സ്കൂളിൽ പഠിക്കുമ്പോഴേ സംഗീതത്തിൽ താല്പര്യമുണ്ടായിരുന്നു. എങ്കിലും പാടാനും ഗായകനാകാനുമുള്ള സാഹചര്യമോ പ്രോത്സാഹനമോ കാര്യമായി ഉണ്ടായിരുന്നില്ല. ചാലക്കുടി ഐ ടി ഐ യിൽ പഠിക്കുമ്പോഴാണ് സഹ വിദ്യാർത്ഥികളായ ചിലർ രവീന്ദ്രന്റെ സംഗീത പാടവം തിരിച്ചറിയുന്നതും പ്രോത്സാഹിപ്പിക്കുന്നതും. അത് പിന്നീട് തൃപ്പൂണിത്തുറ സംഗീത കോളേജിലേക്കുള്ള വഴി തെളിച്ചു. അന്ന് കൂടെ ഉണ്ടായിരുന്നു വളരെ അടുത്ത സൃഹുത്തുക്കളുടെ സഹകരണത്തിലാണ് (1996) ആദ്യ ഡിവോഷണൽ മ്യൂസിക് ആൽബമായ "അയ്യപ്പ തൃപ്പാദം" ചെയ്യുന്നത്. പ്രദീപ് സോമസുന്ദരം, സുദീപ് കുമാർ എന്നിവരായിരുന്നു പ്രധാന ഗായകർ. സുദീപ് കുമാറിന് ആദ്യമായി നാന ഗ്യാലപ്പ് പോൾ അവാർഡ് ലഭിക്കുന്നത് ആ ആൽബത്തിലെ ഒരു ഗാനത്തിനാണ്. തുടർന്ന് മധുബാലകൃഷ്ണൻ , രാധിക തിലക് എന്നിവർ ആലപിച്ച "നാഗപൂജ" എന്ന ഭക്തി ഗാന ആൽബം, പിന്നീട് നിരവധി ഭജൻസ്, ഹരിനാമ കീർത്തനത്തിന്റെ മറ്റൊരു വേർഷൻ, ശ്രീരാമ നാമ സങ്കീർത്തനം അങ്ങിനെ നിരവധി ഭക്തിഗാന കാസറ്റുകൾ ചെയ്തു .
2012 ലാണ് ആദ്യമായി സിനിമയിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് . വിനുമോഹൻ, ഷാജു ശ്രീധർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച "ഈ തിരക്കിനിടയിൽ " എന്ന സിനിമയിൽ നാല് ഗാനങ്ങൾ സംഗീതം ചെയ്തു. വിജയ യേശുദാസ്, എം ജി ശ്രീകുമാർ, സുജാത എന്നിവർ പാടിയ ഗാനങ്ങൾക്കൊപ്പം ഒരു ഗാനവും രവീന്ദ്രൻ ആലപിച്ചിട്ടുണ്ട് . പിന്നീട് "മരുഭൂമിയിൽ ഒരു മഴത്തുള്ളി" എന്ന സിനിമയിൽ രണ്ടു സംഗീത സംവിധായകരിൽ ഒരാൾ രവീന്ദ്രൻ ആർ എൻ ആയിരുന്നു. ആ ചിത്രത്തിന് വേണ്ടി ഒരു ഗാനം സംഗീതം ചെയ്തു ആലപിക്കുകയും ചെയ്തു. ബെസ്റ്റ് കൺട്രീസ്, മുത്തശ്ശിക്കൊരു മുത്തം എന്നീ സിനിമകൾക്കും നിരവധി ഷോർട്ട് ഫിലിമുകൾക്കും പിന്നീട് സംഗീതം നല്കുകയുണ്ടായി.
ബ്രൈറ്റ് മ്യൂസിക് എന്ന പേരിൽ തന്റെ ഹോം സ്റ്റുഡിയോയിൽ നിരവധി ഹൃസ്വ സിനിമകൾക്കും , സംഗീത ആൽബങ്ങൾക്കും , ഡോക്യൂമെന്ററികൾക്കുമായി സംഗീതം നൽകി രവീന്ദ്രൻ സജീവമാണ് .ഒപ്പം ഗായികയായ ഭാര്യ ഗിരിപ്രിയ യും കുട്ടികൾക്ക് സംഗീത ക്ലാസ്സുകൾ എടുക്കുകയും ഗാനമേളകളിലും റെക്കോര്ഡുകളിലും രവീന്ദ്രന് ഒപ്പം ഒരു ഗായികയായി കൂടെയുണ്ട്. രണ്ടു പേരും കഴിഞ്ഞ പത്ത് വർഷമായി വീട്ടിൽ തന്നെ "സ്വരപൂജ" എന്ന പേരിൽ സംഗീത വിദ്യാലയം നടത്തുന്നുണ്ട്.
മക്കൾ : പൂജ, ആവണി
ഇമെയിൽ : rnravindranr@gmail.com