അരുൺ ശങ്കരൻ പാവുമ്പ
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുമ്പ സ്വദേശി. ശങ്കരൻ, ഉമ എന്നിവരുടെ മകനായി 1988ലായിരുന്നു ജനനം. പാവുമ്പ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം, ചെങ്ങന്നൂർ എസ് എൻ കോളേജിൽ നിന്ന് ബിരുദവും കാലടി സർവ്വകലാശാലയിൽ നിന്ന് തിയറ്റർ ആർട്സ് (നാടകം) ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. അതിനു ശേഷം എം ജി യൂണിവേഴ്സിറ്റി കോട്ടയത്ത് നിന്നും നാടകത്തിൽ എംഫിലും പൂർത്തിയാക്കി. അഭിനയിക്കുകയും അഭിനയം പഠിപ്പിക്കുകയും ഒപ്പം നാടക പ്രവർത്തനങ്ങളും ആക്റ്റിംഗ് വർക്ഷോപ്പുകളുമൊക്കെയായി ദീർഘകാലമായി കൊച്ചി അടിസ്ഥാനമാക്കി പ്രൊഫഷണൽ മേഖലയിലുണ്ട്.
കൊച്ചിൻ ബിനാലേ, ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവയിലൊക്കെ പങ്കെടുത്ത നാടകങ്ങളിൽ അഭിനയിക്കുകയും നാടകങ്ങൾ സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. സിനിമാഭിനയവുമായി ബന്ധപ്പെട്ട പരിശീലനങ്ങളും കുട്ടികൾക്കുമൊക്കെ പരിശീലനം കൊടുക്കുന്ന ആക്റ്റിംഗ് വർക്ക്ഷോപ്പുകളും ഒക്കെ നടത്തിയിട്ടുണ്ട്. ഏറെ ജനപ്രീതിയും മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡുമൊക്കെ ലഭ്യമായ "മഹേഷിന്റെ പ്രതികാരമെന്ന" ദിലീഷ് പോത്തൻ-ശ്യാം പുഷ്ക്കരൻ - ഫഹദ് ഫാസിൽ സിനിമയിലൂടെയാണ് അരുൺ മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. സംവിധായകൻ ദിലീഷ് പോത്തൻ തന്നെയാണ് നാടക പരിചയമുള്ള അരുണിനെ കണ്ടെത്തുന്നതും സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതും. തുടർന്ന് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ വിനായകനൊപ്പമുള്ള ചെറിയ വേഷം, വിധു വിൻസന്റിന്റെ സ്റ്റാൻഡപ്പ് എന്ന സിനിമയിലെ സർക്കിൾ ഇൻസ്പെക്റ്ററിന്റെ റോൾ, ആഹാ എന്ന സിനിമയിലെ വടം വലിക്കാരൊൾ, മിന്നൽ മുരളിയിലെ ഗ്രാമവാസി എന്നീ വേഷങ്ങളിലൊക്കെയായി ആറോളം സിനിമകളിൽ അരുൺ അഭിനയിച്ചു.
ജി ഇന്ദുഗോപെനെന്ന സുപ്രസിദ്ധ കഥാകാരന്റെ തെക്കൻ തല്ലു കേസെന്ന സിനിമയിലാണ് അരുണിന് ഉടനീളം ശ്രദ്ധേയമായ കഥാപാത്രത്തെ ലഭിക്കുന്നത്. തെക്കൻ തല്ലുകേസിൽ കുഞ്ഞിപ്പക്കി എന്ന പോലീസുകാരൻ സുഹൃത്തായി ഉപനായകനായ പൊടിയൻ പിള്ള സംഘത്തിലെ റോളായിരുന്നു അത്.
ഭാര്യ ലക്ഷ്മി.
അരുണിന്റെ ഫേസ്ബുക്ക്