കലാഭവൻ സാബു
വേലായുധന്റെയും മണിയുടെയും രണ്ടു മക്കളിൽ മൂത്തവനായി 1965 ജനുവരി 25 ആം തിയതി തെക്കൻ പറവൂരിലാണ് സാബു ജനിച്ചത്. മിനിയാണ് സഹോദരി. സ്കൂൾ കാലഘട്ടത്തിലാണ് ഇദ്ദേഹം കലാരംഗത്തെത്തുന്നത് തെക്കൻ പറവൂർ പട്ടേൽ മെമ്മോറിയൽ സ്ക്കൂളിലും ഉദയംപേരൂർ എസ്.എൻ.ഡി.പി സ്ക്കൂളിലുമായിരുന്നു പഠനം. ഇദ്ദേഹത്തിന്റെ കലാവാസന തിരിച്ചറിഞ്ഞ് വീട്ടിനടുത്തുള്ള എറണാകുളം എസ്.ആർ.വി.ഗവ.സ്ക്കൂൾ അധ്യാപകൻ വിശ്വംഭരൻ സാറാണ് കലാഭവനിൽ ചേർക്കാൻ മുൻകൈയെടുത്തത്. അമ്മാവൻ എൻ.എൻ.വിശ്വംഭരനും പ്രോത്സാഹിപ്പിച്ചതോടെ 1975 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ കലാഭവനിൽ പാട്ടു പഠിക്കാൻ ചേർന്നു.
കലാഭവനിലെ ഗായികയായിരുന്ന ശാന്തകുമാരി ടീച്ചറുടെ കീഴിൽ ലളിതസംഗീതം പഠിച്ച സാബു പെൺ ശബ്ദത്തിൽ അന്നേ ഗാനങ്ങൾ ആലപിക്കാൻ മിടുക്കൻ ആയിരുന്നു. ഇതറിഞ്ഞ അബേലച്ചൻ സാബുവിനെ കലാഭവൻ്റെ ബാലഗാനമേള ട്രൂപ്പിൽ അംഗമാക്കി. സാബുവിൻ്റെ പെൺ ശബ്ദത്തിലുള്ള പാട്ട് ഗാനമേളകളിൽ ഹിറ്റായി. പീറ്റർ, ജോണി, വില്യംസ് എന്നിവർ അംഗങ്ങളായ മുതിർന്നവരുടെ കലാഭവൻ ഗാനമേളട്രൂപ്പ് അരങ്ങു തകർക്കുന്ന കാലമായിരുന്നു അത്.
പത്താം ക്ലാസിൽ പഠിക്കുമ്പോൾ പാട്ടിനും മിമിക്രിക്കും നാടകത്തിനുമെല്ലാം സമ്മാനം കിട്ടിയ അദ്ദേഹം തേവര സേക്രഡ് ഹാർട്ട്സ് കോളേജിൽ നിന്ന് പ്രീഡിഗ്രിയും കളമശ്ശേരി ഐ.ടി.ഐയിലുമായി പഠനം പൂർത്തിയാക്കി. ഈ കാലത്തൊന്നും അധികം പാടതിരുന്ന സാബു ഒരു ക്ലബ്ബിൻ്റെ നാടകത്തിനു വേണ്ടി പാടിയ പാട്ട് കലാഭവന്റെ കീബോഡ് പ്ലെയറായ സേവ്യർ നായത്തോട് കേൾക്കുകയും, കലാഭവനിലേക്ക് ക്ഷണികുകയും എവിടെ എത്തിയ ഇദ്ദേഹത്തെ പ്രോഗ്രാം കോ-ഓർഡിനേറ്ററായ ഷേർളി തിരിച്ചറിയുകയും തുടർന്ന് സാബുവിന് കലാഭവൻ ക്വയറിൽ സ്ഥാനം കിട്ടി. കോട്ടയം എറണാകുളം ജില്ലകളിൽ അന്ന് വിവാഹങ്ങൾക്കെല്ലാം
കലാഭവൻ ക്വയറിൻ്റെ പാട്ട് ഉണ്ടാകുമായിരുന്നു.
1986 മുതൽ കലാഭവൻ്റെ ഗാനമേളയിൽ പാടാൻ തുടങ്ങി. ലേഖ ആർ.നായരാണ് കൂടെ പാടിയിരുന്നത്. അന്ന് പ്രശസ്ത ഗായകരായ വില്യംസ് തോമസ്, ആലപ്പുഴ രാമചന്ദ്രൻ എന്നിവരൊക്കെ പാടിയിരുന്ന കാലമാണ്. 1986 മുതൽ മിമിക്സ് പരേഡും ഗാനമേളയുടെ ഭാഗമായി. നടൻ ജയറാം, പ്രസാദ്, റഹ്മാൻ, നാരായണൻകുട്ടി, സൈനുദീൻ എന്നിവരായിരുന്നു ടീമിൽ. തുടർന്ന് ദുബായിലെ താനുഫ് കാർഗോ സ്പോൺസർ ചെയ്ത് കലാഭവൻ്റെ ഗാനമേള- മിമിക്സ് പരേഡ് പരിപാടി ഗൾഫിലുടനീളം നടത്തി. സാബുവും ഗായിക ആലിസും മാത്രമാണ് ആബേലച്ചൻ നയിച്ച ടീമിൽ പാട്ടുകാരായി ഉണ്ടായിരുന്നത്. ഹിന്ദി, തമിഴ് ഗാനങ്ങളും ഇവർ തന്നെ പാടി. പരിപാടി ഹിറ്റായപ്പോൾ അടുത്ത വർഷവും ഗൾഫിൽ സന്ദർശനം നടത്തി. ഗൾഫ് പരിപാടിയോടെ കേരളത്തിലും കലാഭവന്റെ പ്രസിദ്ധിയാർജിച്ചു.
കലാഭവൻ്റെ ഗാനമേള, ഭക്തിഗാനമേള കാസറ്റുകൾ ചൂടപ്പം പോലെ വിറ്റു. ആബേലച്ചനാണ് കൃസ്തീയ ഭക്തിഗാനങ്ങൾ മിക്കതും എഴുതിയത്. ആബേലച്ചന്റെ പാട്ട് ആന്റണി മാഷിന്റെ സംഗീതത്തിൽ പാടി ആദ്യമായി ഇദ്ദേഹത്തിന്റെ ഗാനം റെക്കോർഡ് ചെയ്യപ്പെട്ടു. ഇതിനിടെ ഇദ്ദേഹം കൊച്ചിൻ ഹരിശ്രീയിൽ എത്തി. സാബുവിനൊപ്പം കൊച്ചിൻ അഷറഫ്, ബാബു, കെ.ബി.സുജാത എന്നിവരായിരുന്നു ഗായകർ. ഹരിശ്രീ അശോകൻ, എൻ.എഫ്.വർഗീസ്, സലിം കുമാർ എന്നിവരുടെ മിമിക്രിയും ഇതിനൊപ്പമുണ്ടായിരുന്നു. ഈ സമയത്ത് നൂറിലേറെ നാടകങ്ങൾക്കു വേണ്ടിയും ഇദ്ദേഹം പാടി. കെ.പി.എ.സി, സംഘമിത്ര,
കാളിദാസ കലാകേന്ദ്രം, സ്റ്റേജ് ഇന്ത്യ എന്നിവയ്ക്കു വേണ്ടിയെല്ലാം ഇദ്ദേഹം പാടി.
മുന്നൂറോളം ചലച്ചിത്ര ഗാനങ്ങൾ പാടി റെക്കോഡു ചെയ്ത് സി.ഡി.ഇറക്കി. പല ചാനലുകളിലും ദൂരദർശനിലും പാടി. സംഗീത സംവിധായകരായ എം.കെ.അർജുനൻ മാഷ്, ആൻറണി മാഷ് , ആലപ്പി രംഗനാഥ്, ജയൻ സാർ (ജയ വിജയ),വിദ്യാധരൻ മാഷ് എന്നിവരുടെ സംഗീത സംവിധാനത്തിൽ ഒട്ടേറെ നാടക ഗാനങ്ങൾ പാടിയ ഇദ്ദേഹം സംഗീത
സംവിധാനത്തിൽ അർജുനൻ മാഷുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഗായിക മിൻമിനിയും ഒട്ടേറെ ആൽബങ്ങളിൽ ഒപ്പം പാടിയിട്ടുണ്ട്. ഗായിക സുശീലയുടെ കൂടെയും ഇദ്ദേഹം വേദിയിൽ പാടി.
മൂന്നര പതിറ്റാണ്ടായി സംഗീതരംഗത്തുള്ള കലാഭവൻ സാബു കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളിൽ പാടിയിട്ടുള്ള ഇദ്ദേഹം നൂറിലധികം പ്രൊഫഷണൽ നാടകങ്ങളിലും പാടിയീട്ടുണ്ട്. കൂടാതെ ഭക്തിഗാനങ്ങളും മറ്റുമായി കാസറ്റുകളിലും സി.ഡികളും ഒട്ടേറെ ഗാനങ്ങൾ പാടിയ ഇദ്ദേഹം
1997 ൽ അനിയത്തിപ്രാവിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എത്തി. തുടർന്ന് ക്യാപ്റ്റൻ, രുദ്രസിംഹാസനം, തീ തുടങ്ങിയ ചിത്രങ്ങളിൽ പാടി.
എറണാകുളം ഉദയംപേരൂരിലെ വീട് തന്നെ സ്റ്റുഡിയോയാക്കി സംഗീതത്തിൽ സന്തോഷം കണ്ടെത്തുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ഹരിശ്രീയിലെ ഗായികയായിരുന്ന വൈറ്റില സ്വദേശിനി മിനിയാണ്. 1993 ൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്. മകൾ ശ്രുതിസാബു ഗായികയും മകൻ സൂരജ് സാബു കീബോഡ് പ്ലെയറുമാണ്.


