ഒടുവിലീ മണ്ണുമാകാശവും
ഒടുവിലീ മണ്ണുമാകാശവും വിട്ടു പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ
വ്യർത്ഥങ്ങളായ്ത്തീർന്ന നീ കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക
എന്റെ ദുഃഖങ്ങളെല്ലാമെനിക്കായി നീ വിട്ടുതന്നേക്കുക
കനലെരിയുന്നൊരെൻ ആത്മാവിൽ നീയേതു-
പൂവും പ്രസാദവും തേടി
മൗനങ്ങൾ മൂടുമെൻ നിശ്വാസ ധാരയിൽ
ഏതു രാഗങ്ങൾ നീ പുൽകി, പെയ്തു-
തോരാത്തൊരീ മിഴിക്കാറുകൾക്കുള്ളിലെ
മഴവില്ലു ഞാൻ മായ്ച്ചിടട്ടേ, ഓർമ്മ-
കൾ ഓളമായ് വിങ്ങുമീ മരുഭൂവിൽ നി-
ന്നിനിയൊന്നു ഞാൻ കരയട്ടേ....
ഇനിയൊന്നു ഞാൻ കരയട്ടെ..
ഒടുവിലീ നിഴലും നിലാവും പൊലിഞ്ഞു പോകുന്നതിൻ മുൻപേ...
ഒരു മാത്രയെങ്കിലൊരു മാത്രയാ നിൻ വിളി ഞാൻ കേൾക്കുകില്ലേ...
ചിരകാല മോഹങ്ങൾ തൻ ചിതയാളുമി-
ത്തീരത്തു ഞാൻ ഓർമ്മയാകും
പാടാതെ ബാക്കിവച്ചോരെൻ വിഷാദങ്ങൾ
നാളെയീ മണ്ണേറ്റു പാടും, ഒന്നു-
കേൾക്കാതിരിക്കുവാനാകില്ലൊരിക്കലും
നീ കേട്ടറിഞ്ഞൊരീരടികൾ...., പിൻതി-
രിഞ്ഞൊന്നു നോക്കാതിരിക്കുവാനാകില്ല
കാണാത്തൊരെന്റെ കാലടികൾ...
ഒടുവിലിപ്പാട്ടും കവിതയും തീർന്നു പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലൊരു മാത്രയീ നെഞ്ചോടു നീ ചേരുകില്ലേ
വ്യർത്ഥങ്ങളായ്ത്തീർന്ന നീ കണ്ട സ്വപ്നങ്ങൾ വിസ്മരിച്ചീടുക
എന്റെ ദുഃഖങ്ങളെല്ലാമെനിക്കായി നീ വിട്ടുതന്നേക്കുക...
ഒടുവിലീ മണ്ണുമാകാശവും വിട്ടു പോകുന്നതിൻ മുൻപേ
ഒരു മാത്രയെങ്കിലൊരു മാത്ര പരസ്പരം നാം കാണുകില്ലേ..
ഗാനം കേൾക്കാൻ : eenam.com