ജെ ഡി തോട്ടാൻ
ദേവസ്യയുടേയും റോസിന്റെയും മകനായി 1922 ഫെബ്രുവരി 23 ആം തിയതി തൃശൂർ ഇരിഞ്ഞാലക്കുടയിലാണ് ജെ ഡി തോട്ടാൻ എന്ന ജോസ് ദേവസ്യ തോട്ടാൻ ജനിച്ചത്.
1946 ൽ മൈസൂറിലുള്ള നവജ്യോതി സ്റ്റുഡിയോയിൽ നിന്ന് സംവിധാനത്തിൽ പരിശീലനം നേടിയ ഇദ്ദേഹം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് 1950 ൽ മദിരാശിയിലെത്തിയ ഇദ്ദേഹം അവിടെയും പല കമ്പനികളിലായി വിവിധ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി.
പിന്നീട് 1952 ൽ അസോസിയേറ്റഡ് ഫിലിംസിൽ ചേർന്ന ഇദ്ദേഹം ആശാദീപം, സ്നേഹസീമ തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി ജി.ആർ. റാവുവിന്റെയും എസ്.എസ്. രാജന്റെയും സഹസംവിധായകനായും പ്രവർത്തിച്ചു.
1956 ൽ ചിറയിൻകീഴ് ഖദീജാ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൂടപ്പിറപ്പ് എന്ന ചിത്രം ഇദ്ദേഹം ആദ്യമായി സവിധാനം ചെയ്തു. അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്ന ഇതിൽ പുതുമുഖങ്ങളായ അംബികയും പ്രേംനവാസുമായിരുന്നു നായികാനായകന്മാർ. പ്രശസ്ത കവി വയലാർ ആദ്യമായി ഗാനരചയിതാവായതും പ്രസിദ്ധ കഥാകാരൻ പോഞ്ഞിക്കര റാഫി തിരക്കഥാകൃത്തായതും ഈ ചലച്ചിത്രത്തിലൂടെ ആയിരുന്നു.
പ്രദർശനവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഇദ്ദേഹം 2959 ൽ സംവിധാനം നിർവഹിച്ച ചതുരംഗം ജനശ്രദ്ധ ആകർഷിക്കുകയും റീജിയണൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. 1960 ൽ സ്ത്രീഹൃദയവും പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി ഇദ്ദേഹത്തിന് നേടാൻ കഴിഞ്ഞു. തുടർന്ന് സംവിധായകനും നിർമാതാവുമായ പി സുബ്രഹ്മണ്യവുമായി കുറച്ചുകാലം മെരിലാൻഡ് സ്റ്റുഡിയോയിലും പ്രവർത്തിച്ചു.
1963 ൽ പ്രശസ്ത നടൻ രാജ്കുമാറിനെ നായകനാക്കി കന്യാരത്നം എന്ന കന്നഡ ചിത്രം സംവിധാനം ചെയ്ത ഇദ്ദേഹം തുടർന്ന് കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചതുരംഗം, സ്ത്രീഹൃദയം തുടങ്ങി പല ചിത്രങ്ങളുടെയും നിർമ്മാണത്തിൽ പങ്കാളിയായിരുന്നഇദ്ദേഹം തന്നെയായിരുന്നു ചതുരംഗം, സ്ത്രീഹൃദയം, ചെക്ക്പോസ്റ്റ് എന്നീ സിനിമകളുടെ കഥയും എഴുതിയത്.
1988 ൽ എം.ടി. വാസുദേവൻ നായർ തിരക്കഥയും സംഭാഷണവും എഴുതിയ അതിർത്തികളാണ് ഇദ്ദേഹം നിർമ്മാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.
അര നൂറ്റാണ്ടോളം സിനിമാരംഗത്തു ഉണ്ടായിരുന്ന ഇദ്ദേഹം 1997 സെപ്റ്റംബർ 23 ആം തിയതി തന്റെ 75 ആം വയസ്സിൽ
ചെന്നൈ അണ്ണാ നഗറിൽ വെച്ച് അന്തരിച്ചു.