കൊല്ലം ജി കെ പിള്ള
കെ പി ഗോപാലപിള്ളയുടേയും കുഞ്ഞിയമ്മയുടേയും മകനായി കൊല്ലത്ത് ജനിച്ചു. കൊല്ലം ഗവ. ഹൈസ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ 1950 -ല്‍ അരിവാള്‍ എന്ന ഏകാംഗ നാടകത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ജി കെ പിള്ളയുടെ കലാരംഗത്തേക്കുള്ള അരങ്ങേറ്റം. 1962 -ല്‍ കൊല്ലം യൂണിവേഴ്സല്‍ തിയേറ്റേഴ്സിന്റെ ദാഹജലം എന്ന നാടകത്തിലൂടെ അഭിനയരംഗത്ത് സജീവമായി. നീതിപീഠം, രാജദൂത്, സര്‍പ്പസത്രം, കുഞ്ഞാലിമരയ്ക്കാര്‍, മഹാലക്ഷ്മി, അശോകചക്രം, റെഡ്സിഗ്നല്‍, ദേവാലയം, ഭാരതയുദ്ധം ഒമ്പതാംദിവസം, പത്തരമാറ്റുള്ള പൊന്ന്, ദി ആക്സിഡന്റ്, ആയിരം അരക്കില്ലങ്ങള്‍, ഏഴരപ്പൊന്നാന, മന്നാടിയര്പെണ്ണും മാടമ്പിയും തുടങ്ങിയ നാടകങ്ങളില്‍ പ്രധാനവേഷം ചെയ്തു. പത്തോളം നാടക പുരസ്കാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. കെ എസ് ആര് ടി സിയില്‍ കണ്ടക്ടറായി ജോലി ലഭിച്ചതിനാല്‍ അഭിനയം കൊല്ലത്തെ വിവിധ തിയ്യേറ്ററുകളിലായിരുന്നു. ദാഹജലം, നീതിപീഠം, രാജദൂത്, ആയിരം അരക്കില്ലം, ആക്സിഡന്റ് എന്നിങ്ങനെ വിവിധ നാടകങ്ങളിലായി നാലായിരത്തിലേറെ വേദികളില്‍ അഭിനയം കാഴ്ച്ചവെച്ചു.
1973 -ൽ എ എന്‍ തമ്പി സംവിധാനം ചെയ്ത മാസപ്പടി മാതുപിള്ള എന്ന സിനിമയിലൂടെയാണ് ജി കെ പിള്ള ചലച്ചിത്രലോകത്തെത്തുന്നത്. തുടര്‍ന്ന് പിക് പോക്കറ്റ്, കാമധേനു, പുഷ്പശരം, മുച്ചീട്ടുകളിക്കാരന്റെ മകൾ, മൈ ഡിയർ കുട്ടിച്ചാത്തൻ, ആലിലക്കുരുവികൾ, ഉത്സവപിറ്റേന്ന്, മൈ ഡിയർ കുട്ടിച്ചാത്തൻ 3D.... തുടങ്ങി എണ്‍പതോളം സിനിമകളില്‍ അഭിനയിച്ചു. മിക്കവയിലും ഹാസ്യവേഷങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ജി കെ പിള്ളയ്ക്ക് കാഴ്ചക്കുറവ് മൂലമാണ് അഭിനയരംഗത്ത് നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.
2016 ജനുവരിയിൽ അദ്ദേഹം അന്തരിച്ചു.
ജി കെ പിള്ളയുടെ ഭാര്യ മാധവിക്കുട്ടി. മക്കൾ ജയശ്രീ, ഉഷാകുമാരി, വിജയശ്രീ, ബിന്ദുശ്രീ.