ശീർക്കാഴി ഗോവിന്ദരാജൻ
തമിഴ്നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ ശീർക്കാഴി എന്ന സ്ഥലത്താണ് ഗോവിന്ദരാജൻ ജനിച്ചത്. എട്ടാംവയസ്സിൽ ക്ഷേത്രോത്സവത്തിൽ കച്ചേരി നടത്തിക്കൊണ്ട് സംഗീതരംഗത്ത് അരങ്ങേറ്റംകുറിച്ചു. 1949 -ൽ തമിഴ് ഇശൈ കോളേജിൽ ചേർന്നു. അവിടെനിന്നും ഇശൈമണി എന്ന ബിരുദം നേടി. അതിനുശേഷം സെന്റ്രൽ കോളേജിൽ നിന്നും കർണാടക സംഗീതത്തിൽ സംഗീത വിദ്വാൻ എന്ന ഉന്നത ബിരുദം കരസ്ഥമാക്കി. തുടർന്ന് പ്രസിദ്ധ ഓടക്കുഴൽ വിദ്വാനായ തിരുപ്പമ്പുറം എൻ സ്വാമിനാഥ പിള്ളയുടെ ശിഷ്യനായി സംഗീത പഠനം തുടർന്നു. ദീർഘകാലത്തെ ചിട്ടയായ പഠനം ഗോവിന്ദരാജനെ കർണ്ണാടക സംഗീതലോകത്തെ പ്രഗത്ഭനാക്കിമാറ്റി.
തമിഴ്നാട്ടിൽ മാത്രമല്ല. ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങിയ വൻ നഗരങ്ങളിലും അദ്ദേഹം സംഗീതക്കച്ചേരികൾ അവതരിപ്പിച്ചു. ചലച്ചിത്ര പിന്നണിഗായകൻ എന്ന നിലയിലും ഗോവിന്ദരാജൻ ശ്രദ്ധിയ്ക്കപ്പെട്ടു തമിഴ്,തെലുങ്ക്,കന്നഡ,മലയാളം സിനിമകളിലായി നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു. 1960 -ൽ നീലി സാലി എന്ന ചിത്രത്തിലെ ‘കരകാണാത്തൊരു’ എന്ന പാട്ടാണ് മലയാളസിനിമയിലേ അദ്ദേഹത്തിന്റെ ആദ്യഗാനം. പിന്നീട് മഹാബലി എന്ന ചിത്രത്തിലും അദ്ദേഹം പാടി. കൂടാതെ ചില ഭക്തിഗാന ആൽബങ്ങളിലും ഗോവിന്ദരാജൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഒരു ഗായകൻ എന്നതിനു പുറമേ അഭിനേതാവു കൂടിയായിരുന്നു അദ്ദേഹം. പത്തിലധികം തമിഴ് സിനിമകളിൽ ഗോവിന്ദരാജൻ അഭിനയിച്ചിട്ടുണ്ട്. ‘കലൈമാമണി’ ഉൾപ്പെടെ പല പുരസ്കാരങ്ങളും ശ്രീക്കാഴി ഗോവിന്ദരാജന് ലഭിച്ചിട്ടുണ്ട്.
1988 -ൽ ശീർക്കാഴി ഗോവിന്ദരാജൻ അന്തരിച്ചു.