പത്മിനി

Padmini
Date of Birth: 
Sunday, 12 June, 1932
Date of Death: 
Sunday, 24 September, 2006

തങ്കപ്പൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകളായി തിരുവനന്തപുരത്ത് പൂജപ്പുരയിൽ ജനിച്ച പത്മിനി തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത, പത്മിനി, രാഗിണിമാരിൽ ഒരാളാ‍യിരുന്നു. പത്മിനി പഠിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. പാണ്ടനല്ലൂർ ചൊക്കലിംഗം പിള്ളയുടേയും.വഴുവൂർ രാമയ്യ പിള്ളയുടേയും കീഴിൽ ഭരതനാട്യം പഠിക്കുകയും രാമയ്യ പിള്ളയുടെ മാർഗനിർദേശപ്രകാരം തൻ്റെ അരങ്ങേറ്റം നടത്തുകയും ചെയ്തു.  ഗുരു ഗോപിനഥിന്റെ കീഴിൽ നൃത്തം അഭ്യസിച്ച പത്മിനി 1948 -ൽ  കല്പന എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. 1950 -ൽ പ്രസന്ന എന്ന സിനിമയിലൂടെയാണ് അവർ മലയാള സിനിമയിൽ തുടക്കം കുറിച്ചത്.  50 വർഷത്തോളം സിനിമാ രംഗത്തുണ്ടായിരുന്ന പത്മിനി മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 250 -ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.  

1961-ൽ വിവാഹശേഷം പത്മിനി അമേരിക്കയിൽ സ്ഥിരതാമസമാക്കി, 1971 -ൽ ന്യൂയോർക്കിൽ "പത്മിനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ്" തുടങ്ങി, അവിടെ ക്ലാസിക്കൽ ഭരതനാട്യം ഇന്ത്യൻ നൃത്തം പഠിപ്പിച്ചു. അമേരിക്കയിലെ ആദ്യത്തെ പ്രധാന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് സ്കൂളായിരുന്നു ഇത്. അമേരിക്കൻ പൊതുജനങ്ങൾക്ക് ഭരതനാട്യം പ്രാപ്യമാക്കുന്നതിനും ഈ കലാരൂപത്തിൽ താൽപ്പര്യമുള്ളവരെ പരിശീലിപ്പിക്കുന്നതിനുമായിട്ടായിരുന്നു അവർ നൃത്ത സ്ഥാപനം തുടങ്ങിയത്. അങ്ങനെ ഭരതനാട്യം ലോക പ്രേക്ഷകരിലേക്ക് വ്യാപിപ്പിക്കാനുള്ള തൻ്റെ ശ്രമങ്ങൾ പത്മിനി തുടർന്നുപോന്നു. അമേരിക്കക്കാരെയും രണ്ടാം തലമുറയിലെ ഇന്ത്യക്കാരെയും ഭരതനാട്യം പഠിപ്പിക്കുന്നതിലും ഇന്ത്യൻ സംസ്കാരത്തിൻ്റെ മറ്റ് വശങ്ങളിലേക്ക് തൻ്റെ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിലും പത്മിനി അഭിമാനിച്ചു. ഇവരുടെ  ഏറ്റവും ക്രിയാത്മകമായ നടന രൂപം, "സിദ്ധാർത്ഥ", എന്ന ബുദ്ധൻ്റെ ജീവിതവും ചിന്തകളും  ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ ഇംഗ്ലീഷ് ഡയലോഗ് സജ്ജീകരിച്ച് അവതരിപ്പിച്ചതാണ്. ഇത് ഇന്ത്യയിലെ ഏറ്റവും മികച്ച പുതിയ നൃത്ത നാടകമായി അംഗീകരിക്കപ്പെട്ടു. ഒരു പാട് വേദികളിൽ സിദ്ധാർത്ഥ അവതരിക്കപ്പെട്ടു.

നാട്യറാണി ശാന്തള അവാർഡ്, കന്നഡ രാജ്യോത്സവ അവാർഡ്, കർണാടക കലാശ്രീ, ഭരത ശികാരം എന്നീ പദവികൾ അവർക്ക് ലഭിച്ചു. അവർ എണ്ണമറ്റ ഡാൻസ് ബാലെകൾ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. സംഭവാമി യുഗേ യുഗേ, ഹിമാസ്വേത, വിടല ദർശന, അഷ്ടലക്ഷ്മി, ദുർബാഗോബതി എലോകേശി, കിറ്റൂർ റാണി ചെന്നമ്മ, നവരസ ഗജ്ജെ, നാട്യറാണി ശാന്തള, കൊരവഞ്ചി എന്നിവയായിരുന്നു ഏറ്റവും പ്രചാരമുള്ളത്.

1994 -ൽ ജെ. ശശികുമാർ സംവിധാനം ചെയ്ത ഡോളർ എന്ന ചിത്രത്തിലാണ് പത്മിനി അവസാനമായി അഭിനയിച്ചത്.

പരേതനായ ഡോക്ടർ രാമചന്ദ്രനായിരുന്നു പത്മിനിയുടെ ഭർത്താവ്. മകൻ  ഡോ. പ്രേംചന്ദ്രൻ. 2006 സെപ്റ്റംബർ 24 -ന് പത്മിനി അന്തരിച്ചു.