നരസിംഹ സ്വാമി
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്തുള്ള കുന്നന്താനം സ്വദേശിയാണ് പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റും മേക്കപ്പ്മാനുമായ നരസിംഹ സ്വാമി.
സ്വന്തം നാട്ടിൽ ഓരോ വീടുകളിൽ പോയി ഹെയർ ഡ്രസ്സിംഗ് ചെയ്തു കൊണ്ടിരുന്ന ഇദ്ദേഹം 1999ലാണ് ചങ്ങനാശ്ശേരിയിൽ കെ ടി എം കോംപ്ലക്സിലെ ഒരു സലൂണിൽ ഹെയർ ഡ്രസ്സറായി ജോലിയിൽ പ്രവേശിക്കുന്നത്. അവിടെ വച്ച് ഹെയർ സ്റ്റൈലിംഗിൽ വ്യത്യസ്തമായ ചില രീതികൾ ആവിഷ്കരിക്കാനും പുതിയ ഡിസൈനിംഗുകൾ പരീക്ഷിക്കാനുമുള്ള അവസരങ്ങൾ ലഭിക്കുകയും ചങ്ങനാശ്ശേരിയിൽ പരക്കെ അറിയപ്പെടുന്ന ഒരു ഹെയർ സ്റ്റൈലിസ്റ്റായി പേരെടുക്കാൻ കഴിയുകയും ചെയ്തു. ബ്ലേഡ് ഉപയോഗിച്ചുള്ള ഹെയർ ഡിസൈനിംഗിലെ മികവായിരുന്നു ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത.
തുടർന്ന് 2003 മുതൽ തിരുവല്ലയിൽ ഹെയർ സ്റ്റൈലിസ്റ്റായി ജോലി ചെയ്തു വരവേയാണ് സ്വാമിയുടെ വർക്കുകൾ തിരക്കഥാകൃത്തും സംവിധായകനുമായ അനിൽരാജിന്റെ ശ്രദ്ധയിൽപ്പെടുന്നതും അദ്ദേഹം വഴി നടൻ ജയസൂര്യയെ പരിചയപ്പെടുന്നതും. അങ്ങനെ ജയസൂര്യ നായകനായ പയ്യൻസ് എന്ന സിനിമയിൽ ഹെയർ സ്റ്റൈലിസ്റ്റായി ചലച്ചിത്രരംഗത്തെത്തിയ സ്വാമി പിന്നീട് വർക്ക് ചെയ്തത് ടൂർണ്ണമെന്റ് എന്ന ചിത്രത്തിലാണ്. അഭിനേതാക്കളെ കഥപാത്രത്തിനാവശ്യമായ രൂപത്തിലേക്കെത്തിക്കുന്ന ക്യാരക്ടർ ലുക്ക് വർക്കുകളാണ് ഇദ്ദേഹം സിനിമകളിൽ പ്രധാനമായും ചെയ്തിരുന്നത്. ഇയ്യോബിന്റെ പുസ്തകം, ആട് ഒരു ഭീകര ജീവിയാണ്, 3 കിംഗ്സ്, 9, ലൂസിഫർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇത്തരം 'ക്യാരക്ടർ ഗെറ്റപ്പ്' വർക്കുകൾ ചെയ്തിട്ടുണ്ട്. നിലവിൽ നൂറോളം സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം, നടൻ ഫഹദ് ഫാസിൽ അഭിനയിച്ച ഒട്ടുമിക്ക സിനിമകളുടെയും ഭാഗമായിട്ടുണ്ട്. അയ്യപ്പനും കോശിയും, കിംഗ് ഫിഷ് തുടങ്ങിയ സിനിമകളുടെയൊക്കെ ചീഫ് മേക്കപ്പ്മാനുമായിരുന്ന നരസിംഹസ്വാമി നിലവിൽ തിരുവല്ലയ്ക്കടുത്ത് ഇരവിപേരൂരിൽ Swami's Makeover എന്ന പേരിൽ വിശാലമായ ഒരു മേക്കപ്പ് സ്റ്റഡിയോ കം ഫാമിലി സലൂണും നടത്തുന്നുണ്ട്.