മനോജ് കൃഷ്ണൻ
മനോജ് കൃഷ്ണൻ 1971 ഏപ്രിൽ 18 ആം തിയതി പാലക്കാടാണ് ജനിച്ചത്. ചിറ്റൂർ ഗവ.കോളജിൽ എംഎ മ്യൂസിക് രണ്ടാം വർഷ വിദ്യാർഥിയായിരിക്കെയാണ് ഇദ്ദേഹം സിനിമാ പിന്നണി ലോകത്തെത്തുന്നത്. അന്ന് കോളജിൽ കച്ചേരി അവതരിപ്പിച്ചശേഷം വീട്ടിലെത്തിയ ഇദ്ദേഹത്തെ കാത്തിരുന്നത് സംഗീത സംവിധായകൻ എസ്.പി.വെങ്കിടേഷിന്റെ ഫോൺ കോളായിരുന്നു.
എസ്.പി.വെങ്കിടേഷിന്റെ സുഹൃത്ത് കോളജിൽവച്ച് മനോജിന്റെ കച്ചേരി കാണാനിടയായി. ഇത് ഇദ്ദേഹത്തിന്റെ സിനിമാ ലോകത്തേക്കുള്ള ക്ഷണമായി. 1994 ൽ പുറത്തിറങ്ങിയ ശുദ്ധമദ്ദളം എന്ന സിനിമയിലെ ഗണപതി പാടാം.....എന്നു തുടങ്ങുന്ന ഗാനം കെ.എസ്.ചിത്രയോടൊപ്പം ആലപിച്ചു. കൈതപ്രമായിരുന്നു ഗാനരചന. പാട്ട് ഹിറ്റായതോടെ ഇദ്ദേഹത്തെ തേടി ഒട്ടേറെ അവസരങ്ങളെത്തി. അതേ വർഷം സോപാനമെന്ന സിനിമയിൽ ദേവാ, ദേവാ എന്നു തുടങ്ങുന്ന കീർത്തനം പാടി. തുടർന്ന് മന്ത്രിക്കൊച്ചമ്മ, കളിവാക്ക്, തിരകൾക്കപ്പുറം, സുഭദ്രം, മോഹിതം തുടങ്ങി പത്തോളം മലയാളം സിനിമകളിൽ പാടി. എട്ട് തമിഴ് സിനിമകളിലും പാടി.
മഴയെത്തും മുൻപെയെന്ന സിനിമയിൽ സ്വർണ പക്ഷി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുവെങ്കിലും സിനിമ പുറത്തിറങ്ങിയപ്പോൾ ആ പാട്ട് ഉണ്ടായിരുന്നില്ല. രണ്ടായിരത്തിൽ കൊച്ചിയിലെ ഒരു സ്റ്റേജ് ഷോയിൽ പാടാനെത്തിയതാണ് മനോജിന്റെ ജീവിതത്തിന്റെ മറ്റൊരു വഴിത്തരിവ്. അന്ന് പരിചയപ്പെട്ട അൻസാർ, പ്രദീപ് ബാബു, കിഷോർ വർമ, സമദ് എന്നീ ഗായകരോടൊപ്പം ചേർന്ന് മനോജ് ഇളയനില എന്ന മ്യൂസിക് ബാൻഡ് ആരംഭിച്ചു. ചാനലുകളിൽ ബാൻഡ് ഹിറ്റായതോടെ ഒട്ടേറെ വിദേശ പരിപാടികളും തേടിയെത്തി. വിദേശത്ത് സിനിമാ താരങ്ങളുടെ സ്റ്റേജ് ഷോകളിൽ ഗാനമേള അവതരിപ്പിക്കാനും ഒട്ടേറെ അവസരമുണ്ടായി. മനോജിനൊപ്പം മറ്റു നാലു ഗായകരും പിന്നീട് സിനിമാ പിന്നണി ലോകത്തെത്തി.
ബോംബെ രവിയുമായി ചേർന്ന് എട്ട് സിനിമകൾക്ക് മനോജ് പശ്ചാത്തല സംഗീതമൊരുക്കിയ ഇദ്ദേഹം പാടുന്നതിനൊപ്പം മനോഹരമായി കീ ബോർഡും വായിക്കുമായിരുന്നു. 2008 ൽ പുറത്തിറങ്ങിയ മോഹിതം എന്ന സിനിമയിലാണ് ഇദ്ദേഹം അവസാനം പാടിയത്. പിന്നീട് ഒട്ടേറെ ഭക്തി ആൽബങ്ങൾക്കു സംഗീതം നിർവഹിക്കുകയും പാടുകയും ചെയ്തു. മ്യൂസിക് ഡ്രീംസ്, നാദം ഓർക്കസ്ട്ര എന്നീ ഗാനമേള ട്രൂപ്പുകളും ഇദ്ദേഹം ആദ്യകാലത്ത് ആരംഭിച്ചിരുന്നു. 2015 ൽ പാലക്കാട് ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൗൺസിൽസ് (ഡിടിപിസി) ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
2016 മെയ് 4 ആം തിയതി തന്റെ 45 ആം വയസ്സിൽ ലീവർ സിറോസിസിനെ തുടർന്ന് ഇദ്ദേഹം അന്തരിച്ചു. ഗായിക സുചിത ശേഖറാണ് ഭാര്യ. ഗൗരി ഏക മകളാണ്.