തിരുവാതിരയുടെ നാട്ടീന്നോ

തിരുവാതിരയുടെ നാട്ടീന്നോ
തിരമാലകളുടെ വീട്ടീന്നോ
വരുന്നതെവിടുന്നെവിടുന്നാണെന്‍ 
വാനമ്പാടീ വാനമ്പാടീ
(തിരുവാതിരയുടെ... )

ഒന്നു ദൂരെക്കണ്ടേയുള്ളു 
കണ്ണുകള്‍ തമ്മിലിടഞ്ഞു
പുഞ്ചിരിപൊട്ടി വിടര്‍ന്നേയുള്ളു
പുളകം കൊണ്ടു നിറഞ്ഞു - ഹൃദയം
പുളകം കൊണ്ടു നിറഞ്ഞൂ
ആ..... ഓ....
(തിരുവാതിരയുടെ... )

സ്വരസുധയൊന്നു നുകര്‍ന്നേയുള്ളു
സ്വര്‍ഗ്ഗം മുന്നില്‍ വിരിഞ്ഞു
നൂറു നൂറു സങ്കല്‍പ്പങ്ങള്‍ 
നൂപുരമണികളണിഞ്ഞൂ - തങ്ക
നൂപുരമണികളണിഞ്ഞു
ആ..... ഓ....
(തിരുവാതിരയുടെ... )

പാര്‍വണശശികല മെത്ത വിരിക്കും 
പാതിരാവിന്നരമനയില്‍
ഒരുങ്ങിനില്‍ക്കും ഞാനൊരുനാളില്‍ 
ഒരു മലര്‍മാലയുമായി - നാഥന്നൊരു
മലര്‍മാലയുമായി
ആ..... ഓ....

തിരുവാതിരയുടെ നാട്ടീന്നോ
തിരമാലകളുടെ വീട്ടീന്നോ
വരുന്നതെവിടുന്നെവിടുന്നാണെന്‍ 
വാനമ്പാടീ വാനമ്പാടീ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thiruvathirayude

Additional Info

അനുബന്ധവർത്തമാനം