കുന്നിറങ്ങി പാഞ്ഞുവരും

കുന്നിറങ്ങി പാഞ്ഞുവരും കുഞ്ഞു കാറ്റേ
കുന്നിമണി മുത്തെറിഞ്ഞ ചില്ലു കാറ്റേ
ചെല്ലനിലാപ്പൂവെറിഞ്ഞ മഞ്ഞു കാറ്റേ
കൂടൊരുക്കിയോ
ഒന്നിനൊന്നു മെയ്യുരുമ്മും തങ്കമേഘം
മുല്ലവെയിൽ കമ്മലിട്ട നാണമേഘം
ഒട്ടുനേരമൊട്ടി നിന്ന മായമേഘം
പെയ്തിറങ്ങിയോ
ആകെയുലയുംഓർമ്മമലരേ
പീലിയൊഴിയാൻ നീ വന്നുവോ
കാറ്റു തിരയും സന്ധ്യ അകലെ
രാഗശകലം മൂളുന്നുവോ
പുതുവാക്കുണരും ഋതുപല്ലവി നാം
അലചാർത്തി വരും ലയസാഗരം നാം
(കുന്നിറങ്ങി പാഞ്ഞുവരും)

ഇതു വഴി വീണ്ടും വാസര ഗീതം
പൂവായ് ശിലയായ് പുഴയായ് കടലായി
അലിയാനേറെ കൊതി കൂട്ടുന്നു
ഒരു പിടി സ്നേഹം തേടിയ നേരം
മഞ്ഞായ്‌ മധുവായ് തീയായ് തിരയായി
തഴുകാനാരോ പടി കേറുന്നു
തിങ്കൾ താലം ചിന്നുമീ
താഴ്വാരപ്പൂ വാങ്ങി നാം
മോഹാവേശത്തീക്കനൽ
നീളേ വാരി തൂവി നാം
ഒഴുകാനൊരുങ്ങും ജലധാരകൾ നാം
ഇളനീർ പൊഴിയും സുഖ മാമഴ നാം
(കുന്നിറങ്ങി പാഞ്ഞുവരും)

മഴയുടെ ഘോഷം ചൂടിയ വാനം
നീരായ് കുളിരായ് നിറമായ്‌ നിനവായി
പകരാൻ ചാരേ മിഴി നീട്ടുന്നു
ഇടനെഞ്ചോരം സാന്ത്വനമേകാൻ
വരമായ് വിധുവായി  സ്വരമായി കനവായി
പതിയെ കാലം ഒളി വീശുന്നു
ആടിത്തെന്നും പട്ടമായ്
തീരം നോക്കിച്ചെന്നു നാം
തോണിപ്പാട്ടിൻ ശീലുകൾ
താനേ ചൊല്ലി ചേർത്തു നാം
ഒരു രാക്കൊതുമ്പിൽ തുണ പോയവരാം
ചെറു വെൺ കടമ്പിൽ കണിപ്പൂങ്കുല നാം
(കുന്നിറങ്ങി പാഞ്ഞുവരും)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kunnirangi panjuvarum

Additional Info

Year: 
2013

അനുബന്ധവർത്തമാനം