സൂര്യനും ചന്ദ്രനും പണ്ടൊരു കാലം

 

സൂര്യനും ചന്ദ്രനും പണ്ടൊരുകാലം
ചൂതു കളിക്കാനിരുന്നു
സൂര്യന്റെ മക്കളും ചന്ദ്രന്റെ മക്കളും
ചുറ്റിനും വന്നുനിരന്നു
(സൂര്യനും ചന്ദ്രനും.....)

കളിയില്‍ തോറ്റവന്‍ തന്‍പ്രിയപുത്രരെ
കയ്യോടെ ഭക്ഷിക്ക വേണമെന്നായ് (2‍)
മത്സരത്തിന്‍ മദമേറിയാ സോദരന്‍
മറ്റൊന്നുമോര്‍ക്കാതെ ഏറ്റുചൊല്ലി
(സൂര്യനും ചന്ദ്രനും.....)

വിധിയാദ്യം സുന്ദരനായ ശശാങ്കന്റെ
ശിരസ്സില്‍ പരാജയത്തൊപ്പിചാര്‍ത്തി (2)
മക്കളാം നക്ഷത്രക്കുഞ്ഞുങ്ങളെയവന്‍
ഭക്ഷിച്ചതായിട്ടഭിനയിച്ചു
(സൂര്യനും ചന്ദ്രനും.....)

കരു മാറ്റി വീണ്ടും കളിച്ചപ്പോള്‍ സൂര്യന്റെ
കുതിരയും തേരും തകര്‍ന്നു വീണു (2)
അര്‍ക്കനോ തന്‍പ്രിയപുത്രരെ ഒന്നാകെ
ഭക്ഷിച്ചു വാഗ്ദാനം പൂര്‍ണ്ണമാക്കി

വഞ്ചകനാം ശശി കുഞ്ഞുതാരങ്ങളെ
തൊണ്ടയില്‍നിന്നും പുറത്തുവിട്ടു (2)
ശുദ്ധനാം സൂര്യനോ വഞ്ചിതനായിന്നും
പുത്രശോകത്താലെരിഞ്ഞിടുന്നു
(സൂര്യനും ചന്ദ്രനും.....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sooryanum Chandranum