ലക്ഷ്മി രാമകൃഷ്ണൻ

Lakshmi Ramakrishnan

ചക്കരമുത്ത് എന്ന സിനിമയിലൂടെ ലോഹിതദാസ് ആണ്  പ്രവാസി ഇന്ത്യാക്കാരി ആയിരുന്ന ലക്ഷ്മി രാമകൃഷ്ണനെ സിനിമയിൽ അവതരിപ്പിച്ചത് . അതിനെത്തുടർന്ന് ഇന്ത്യയിലേക്ക് തിരിച്ചു വന്ന് കലാജീവിതം ആരംഭിച്ച അവർ, മലയാളം,തമിഴ് ടെലിവിഷൻ ചാനലുകളിലായി സംപ്രേഷണം ചെയ്ത ആറു ലഘുചിത്രങ്ങൾ സംവിധാനം ചെയ്തു. പിന്നീട് പിരിവോം സന്ധിപ്പോം എന്ന സിനിമയിൽ നായികയുടെ അമ്മ വേഷം ചെയ്ത് തമിഴ് സിനിമാ രംഗത്തുമെത്തി. ഈറം, നാടോടികൾ തുടങ്ങിയ സിനിമകളിലൂടെ വളരെപ്പെട്ടെന്നു തന്നെ തമിഴക സിനിമാലോകത്ത് ശ്രദ്ധേയയായ ലക്ഷ്മി രാമകൃഷ്ണൻ, മിഷ്കിന്റെ യുത്തം സെയ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിലൂടെ നിരൂപകപ്രശംസ പിടിച്ചുപറ്റി. ആ സിനിമയിലെ അന്നപൂർണി എന്നാ കഥാപാത്രം ഒരുപിടി പുരസ്കാരങ്ങളും അവർക്ക് നേടിക്കൊടുത്തു. ഈ കഥാപാത്രത്തിനു വേണ്ടി തല മുണ്ഡനം ചെയ്തത് അന്ന് വാർത്തയായിരുന്നു. വയലിൻ, ജൂലൈ 4, പിയാനിസ്റ്റ്‌ തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. എണ്ണത്തിൽ കുറവാണെങ്കിലും തെലുഗു സിനിമകളും ലക്ഷ്മിയിലെ അഭിനേത്രിയെ ഉപയോഗപ്പെടുത്തുന്നുണ്ട്.

സിനിമാഭിനയം കൂടാതെ തമിഴ് മിനിസ്ക്രീനിൽ സീരിയലിലൂടെയും റിയാലിറ്റി ഷോയിലൂടെയുമൊക്കെ സ്ഥിരസാന്നിദ്ധ്യമാണു ലക്ഷ്മി രാമകൃഷ്ണൻ. ലക്ഷ്മി രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച ആദ്യസിനിമ, ആരോഹണം  2012 ൽ തമിഴ് ഭാഷയിൽ പുറത്തിറങ്ങി. നിരൂപകപ്രശംസ പിറ്റിച്ചുപറ്റിയ ആരോഹണം, ഏഴാമത് വിജയ്‌ ഫിലിം അവാർഡ്സിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടുകയും, തെന്നിന്ത്യൻ ഇന്റർനാഷണൽ മൂവീ അവാർഡ്സിൽ ചിത്രത്തിലെ അഭിനയത്തിന് വിജി ചന്ദ്രശേഖറിനു മികച്ച സഹനടിയ്ക്കുള്ള നാമനിർദ്ദേശം നേടുകയും ചെയ്തു. പിന്നീട് നെരുങ്കി വാ മുത്തമിടാതേ എന്ന സിനിമയും അവർ തമിഴിൽ സംവിധാനം ചെയ്തു